Thursday, April 28, 2016

ഭ്രാന്തന്‍

ആദ്യം നിന്നെ കണ്ടപ്പോള്‍
പാറമടയുടെ വിള്ളലുകളില്‍
ഉണങ്ങി വരണ്ട ഓസുകള്‍ ആഴ്ത്തി
ഗര്‍ഭപാത്രത്തിന്റെ നനവന്വേഷിക്കുകയായിരുന്നു
നീ...

പിന്നീട് കണ്ടപ്പോള്‍
ഇല്ലാതായ മലയുടെ ഇപ്പുറം
നാമറിയാതെ മുളച്ച പ്ലാസ്റിക് മലയില്‍
ഒരു മരം നടുകയായിരുന്നു
നീ..

ഇലകളില്‍ സന്ദേശമെഴുതുകയായിരുന്നു
വഴി മറന്ന മേഘങ്ങള്‍ക്ക് നല്‍കാന്‍
നീ...

കണ്ണീരുകൊണ്ട് നിറക്കുകയായിരുന്നു
മഴ മറന്ന മഴക്കുഴികള്‍
നീ..

ഇന്നലെ കണ്ടപ്പോള്‍
നീ ഒരു
കബറിടം പണിയുകയായിരുന്നു.
അതില്‍ നീ ഇങ്ങനെ എഴുതിയിരുന്നു.
"സമൂഹം ഭ്രാന്തന്മാര്‍ എന്ന് വിളിക്കുന്നവര്‍ക്ക്,
കണ്ണ് തുറന്നിരിക്കുന്നവര്‍ക്ക്"

എന്റെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഉച്ചിയില്‍ നിന്നും
താഴേക്ക് ആഞ്ഞു തുപ്പി
ഞാനുമൊരു മരം നട്ടു.

ഇന്ന് നിന്നെ കണ്ടില്ല.
കണ്ടതൊരു കല്ലറ മാത്രം.
ആരോ പറഞ്ഞു കേട്ടു... നിന്റെ പേര്.
കൂടെ "അവസാനത്തെ ഭ്രാന്തന്‍" എന്നും.
എനിക്ക് പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു.
നിനക്ക് പിന്നാലെ
ഇതാ വീണ്ടുമൊരു ഭ്രാന്തന്‍.
ഞാന്‍... 

No comments:

Post a Comment