Wednesday, September 20, 2017

ഏപ്രിൽ പൂവുകൾ

കറുത്ത കാലിലെ
അത്ര കറുപ്പില്ലാത്ത കുഴിനഖത്തിൽ ഈർക്കിലി കുത്തി
അവൻ വീണ്ടും ചോദിച്ചു.
എന്തിനാണ്
ഏപ്രിൽ ലില്ലികളെ സ്നേഹിക്കുന്നതെന്ന് ?
അവനോടോ ഏപ്രിൽ ലില്ലികളോടോ പ്രണയമെന്ന് ..
                ***
ഋതുമതിയെന്നു വാഴ്ത്തപ്പെടും മുൻപേ
അപ്പൂപ്പന്താടികൾ കഥ പറഞ്ഞിരുന്ന കാലത്ത്
പോകാനാനുവാദമില്ലാത്ത കാട്ടുപൊന്തകളിൽ
അവ
വിരിഞ്ഞു നിന്നിരുന്നു.
ചിലപ്പോൾ ഒറ്റക്ക്.
ചിലപ്പോൾ ഒന്നിച്ച്.
അതിർത്തി ഭേദിച്ചവർ .
ഭയമറിയാത്തവർ.
ഓരോ വർഷവും തിരികെയെത്തിയവർ.
പതിയെ പതിയെ വരാതായവർ.
              ***
കറുത്ത ഡയറിത്താളുകൾ അടർത്തിയകത്തി
അത്ര കറുപ്പല്ലാത്ത മകൾ ചോദിക്കുന്നു
ഏപ്രിൽ പൂവുകൾ എവിടെയാണെന്ന് ..
             ***
കണക്കുകൾ സൂക്ഷിക്കാത്ത നാട്ടിൽ നിന്നും
എന്റെ മരിച്ചടക്കുകൾക്കു ഗാനമാലപിക്കുവാൻ
ഏപ്രിൽ പൂവുകൾ ഉണ്ടാവും.
മഴ തിമിർത്തു പെയ്യുന്ന രാത്രികൾക്കവസാനം
വേനലിന്റെ ഉച്ചിയിൽ
അടഞ്ഞ കണ്ണുകൾ ഉള്ളവളെകാണാൻ
അവ ഒരിക്കൽ കൂടി വിരിയും.
പൂവുകൾ അങ്ങനെയാണ്.
യാത്ര തിരിക്കുംനേരം
ഒരിക്കൽ കൂടി കാണുവാനെത്തുന്നവർ.
വാക്കുകൾ പാലിക്കുന്നവർ.
പ്രണയിക്കുന്നവർ
ഏപ്രിൽ പൂവുകൾ.

Wednesday, August 16, 2017

നല്ല പെൺകുട്ടികൾ

ഇന്നലെ മുറിച്ച മുടിച്ചുരുളുകൾ
കറുത്ത 'നീ പകലുകൾ' പോലെ
ഓരോന്നോരോന്നായി ശ്വസിച്ച്
അപ്പൂപ്പന്താടികൾക്കിടയിലൂടെ
പള്ളിമണികളുടെ കോറസുകൾക്കിടയിൽ നിന്ന്
പറത്തി വിടുകയാണ്.
നല്ല പെൺകുട്ടികൾ അങ്ങനെയാണ്.
മുടിച്ചുരുളുകളിൽ ഓർമ്മകൾ നിറച്ച്
മടുക്കെ മടുക്കെ
പറത്തിവിടുന്നവർ.
കാണെക്കാണെ
കറുത്ത പുകച്ചുരുളുകളാകുന്നവർ.
ഏപ്രിൽ പൂവുകൾ കൊഴിയുകയും
മുടിച്ചുരുളുകൾ കത്തിയമരുകയും
കഴിഞ്ഞ പകലുകൾ
പച്ചകുത്തലാവുകയും ചെയ്യുന്നിടത്ത്
നല്ല പെൺകുട്ടികൾ ശ്വസിച്ചു തുടങ്ങുന്നു.
പെൺകുട്ടികൾ അല്ലാതാവുന്നു.

Tuesday, May 30, 2017

പൂച്ചക്കുഞ്ഞുങ്ങൾ

'അമ്മ പറഞ്ഞ കഥകളിൽ
പെൺകുട്ടികൾ 
പൂച്ചക്കുഞ്ഞുങ്ങളെ 
ഗർഭം ധരിച്ചിരുന്നു. 
വെളുത്ത രോമങ്ങളുള്ള 
നീലക്കണ്ണുകളുള്ള 
പൂച്ചക്കുട്ടികൾ. 
'അമ്മ പറയാതിരുന്ന 
കഥകളിലൊരിടത്താണ് 
അവൾ ഒരു ചാപിള്ളയെ പെറ്റത്‌.
അടഞ്ഞ കുറുകിയ കണ്ണുകളുള്ള 
ചാപിള്ള. 
കാണെക്കാണെ 
അവളുടെ കണ്ണുകൾ അടയുകയും 
കരഞ്ഞ കണ്ണുകളുള്ള പൂച്ചക്കുഞ്ഞായി 
അവൾ രൂപാന്തരപ്പെടുകയും ചെയ്തു. 

Sunday, April 9, 2017

കവിത

ഒരു കവിത പാടാമോ എന്നവൾ 
'അതിജീവനം'
എന്ന് പറഞ്ഞു അവൻ ഒരു നടപ്പായിരുന്നു.
പൊരിഞ്ഞ വെയിലിൽ.
ഒരു കറുത്ത കവിത.

Friday, January 13, 2017

ഇനി മടക്കമാണ്.... ഇലകളായി പുനർജനിക്കുവാൻ

ഓരോന്നുമോരോ ബിന്ദുവിലാണ്.
കരച്ചിലും 
തുടച്ചിലും,  
രക്തമുറങ്ങുന്ന 
ഗര്ഭകാലവും, 
രക്തമുരുകുന്ന
ആർത്തവകാലവും,
നിന്നെയറിഞ്ഞതും, 
ആത്മാവിൽ തൊട്ടതും,
അടുത്ത നിമിഷം 
ഇലകളായി പുനർജനിക്കുവാൻ 
അയ്യപ്പൻറെ കവിതയിൽ 
ഒളിച്ചിരുന്നതും,
പെണ്ണെ എന്ന് വിളിച്ചെന്നെ 
ഖസാക്കിന്റെ ആദ്യ താളുകളിൽ 
കൊണ്ടു നിർത്തിയതും. 
കാലമുരുണ്ടു കൂടെയുരുളുവാനാകാതെ 
കവിത വറ്റിയ 
നിന്നെ പ്രണയിച്ചതും,
ഇനിയും പിറക്കാത്ത 
പൊന്മകളൊന്നിനെ 
സ്വപ്നത്തിൽ സ്വപ്നത്തിൽ
ഉമ്മ വയ്ക്കുന്നതും.
ഓരോരോ ബിന്ദുവിലാ-
ണോരോരോ ബിന്ദുവിൽ.
അങ്ങനെയിതാ 
അവസാന ബിന്ദു.
കറുത്ത മാറിടത്തിൽ നിന്നും 
ഒരിറ്റു മുലപ്പാൽ.
അവിടെയവസാനം.
ഇനി മടക്കമാണ് ഇലകളായി പുനർജനിക്കുവാൻ.