Tuesday, March 25, 2014

അന്നാ എനിക്ക് നിന്നോടസൂയയാണ്..

അന്നാ...
നീ കേൾക്കുന്നുവെന്ന് കരുതട്ടേ..
നീ പ്രണയിച്ചതെന്തായിരുന്നു??
ചൂതാട്ടക്കാരന്റെ ജീർണതയോ!!
കറുപ്പുതിന്നവന്റെ കഥയോ!!
അപസ്മാരത്തിന്റെ ചുഴികളോ!!
അറിയില്ല എന്ന് പറയരുത്..
എനിക്ക് നിന്നോടസൂയയാണ്....

എന്നായിരുന്നു
നീയാ കടൽ കണ്ടെത്തിയത്?
സ്റ്റെനൊയുടെ ഹൃദയത്തിനപ്പുറം
ഇളകിമാറിഞ്ഞൊരു കടൽ..
അതും
നിന്റെ കഥാകാരന്റെ കണ്ണുകളിൽ..
ആവോ.. എന്ന് പറയരുത്.
എനിക്ക് വീണ്ടും അസൂയതോന്നുന്നു.
അവന്റെ കഥാപാത്രമാവാതെ
എങ്ങനെയാണ് നീ
അവന്റെ കഥാകാരിയായത്??
എങ്ങനെയാണ്
നീയവനെ കണ്ടെത്തിയത്?
അതെ അന്നാ
എനിക്ക് നിന്നോടസൂയയാണ്.
നിന്റെ പേരുമാത്രം എനിക്ക് കിട്ടിയതിൽ...
നീയാവാൻ കഴിയാത്തതിൽ...

ചിത്രം (ദൈവം വരച്ചത്)


 ...............................
നിന്റെ ചവച്ചു തുപ്പിയ മന്ത്രത്തിന്റെ
അവസാന അക്ഷരത്തിൽ തൂങ്ങിയാണ്
ഞാനൊരു ഭ്രൂണമായത്.
നിന്റെ വിരൽത്തുമ്പിൽ നിന്നും
പോക്കില്ക്കൊടി പറിച്ചെറിഞ്ഞാണ്
ഞാനൊരു ജീവനായത്.
അല്ല
ഞാനൊരു ചിത്രമായത്.
ചിത്രം ??
നിന്റെ ജീവനെ ഞാൻ ചിത്രമെന്ന് വിളിച്ചതിൽ
നിനക്ക് കൊപിക്കാം .
പക്ഷെ എന്റെ കണ്ണില നീ നിറച്ചത്,
അക്ഷരങ്ങളും കവിതകളും ആയിരുന്നല്ലോ.
അവയാണെങ്കിൽ ഈച്ചയാട്ടി ചത്തുമലച്ചവയും.
അപ്പോഴെന്താ?
അപ്പോഴോന്നുമില്ല.
ഞനൊരു ചിത്രമാണ്.
ഇനിയുമൊരു മാത്രം ചൊല്ലരുത്.
ഒരിക്കല്ക്കൂടി ഒരു ഭ്രൂണമാവാൻ വയ്യ.
ഒരിക്കൽ കൂടി ഒരു കവിതയും.

Friday, March 7, 2014

നിന്റെ കണ്ണുകൾ, എന്റെ കവിതകൾ

ചിലപ്പോൾ
അവ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിയിരുന്നു.
മറ്റു ചിലപ്പോൾ,
ഗുഹാമുഖങ്ങൾപോലെ ഇരുണ്ടിരുന്നു.
ഇടയ്ക്കവയിൽ,
കാർമേഘങ്ങളുരണ്ടുകൂടിയിരുന്നു.
ചിലപ്പോൾ മാത്രം,
അവ പെയ്തൊഴിഞ്ഞിരുന്നു.
എന്നെ നോക്കുമ്പോൾ മാത്രം
അവ അമ്പുകൾപോലെ.
പക്ഷെ
നീ പോലും അറിയാത്ത നേരങ്ങളിൽ,
അവ
കവിതകളായി രൂപാന്തരപ്പെട്ടിരുന്നു.
എന്റെ കണ്ണുകളെ ഉടക്കി നിർത്തിയ
നിന്റെ കണ്ണുകൾ...
എന്റെ കവിതകൾ.