Monday, February 17, 2014

എങ്കിലും ഞാൻ നിന്നെ പ്രണയിക്കുന്നു


നിനക്കിനി മടങ്ങാം.
നിന്റെ അരക്കിറുക്കൻ സുഹൃത്തില്ലേ,
ആ ചിത്രകാരൻ.
അവന്റെ പാതിമുറിഞ്ഞ ഇടം ചെവിയുടെ
രഹസ്യങ്ങളന്വേഷിക്കാൻ
നിനക്കിനി മടങ്ങാം.

റാഷേലിനു പകുത്തു നൽകിയ
ഇടം ചെവിയിലെ രക്തക്കറകൾ
മഞ്ഞയായിരുന്നില്ലെന്നു
ഇനിയെങ്കിലും
നീയവന് പറഞ്ഞു കൊടുക്കൂ..
ഖനി പുരണ്ട ജീവിതങ്ങൾ
മഞ്ഞയായിരുന്നില്ലെന്നു
നീയും അറിയ്.
പ്രഷ്യൻ ബ്ലൂവിൽ അലിഞ്ഞില്ലാതായ
നിറങ്ങൾ പോലെ,
ഇനിയവൻ
മഞ്ഞയിൽ ചുവപ്പിനെ
മയക്കിക്കിടത്തിയിരുന്നോ???
ആവോ.....
അവനു ഭ്രാന്താണ്.
സൂര്യതാപമേറ്റു ചുവന്നതറിയാതെ,
സൂര്യനെ മഞ്ഞയിൽ മുക്കിയ ഭ്രാന്ത്.

അവനോടു പറയൂ
അവൻ മറന്നു വച്ച ചുവപ്പിനെ
കളഞ്ഞുകിട്ടിയതെനിക്കാണെന്നു.
കൂടെ
സൂര്യകാന്തിതോട്ടത്തി-
ലിട്ടെറിഞ്ഞ മഞ്ഞയും.
എന്റെ അസ്തമയങ്ങളിൽ
അവ ഒന്നിക്കട്ടെ.
 പിരിച്ചെഴുതാൻ
നീയും വരേണ്ടതില്ല..

# എങ്കിലും വാൻഗോഗ്
നിന്നെ ഞാൻ പ്രണയിക്കുന്നു.
നിന്റെ മഞ്ഞയേയും..

Friday, February 7, 2014

... കണ്ണുകൾ..


വന്യതയായിരുന്നു
അവളുടെ കണ്ണുകൾക്ക്‌.
അടക്കിപ്പിടിച്ചൊരു കാട്,
ഇരുട്ടിനെ  പ്രണയിച്ചവ.
അതിനുള്ളിലൊരു ലോകമുണ്ട്.
നിറയെ പുഴകളുള്ള
ഒരു ലോകം.
പൂമ്പാറ്റകളുള്ളൊരു ലോകം.
ശ് .....
മതി മതി.
വന്യത കണ്ടു മടങ്ങിക്കൊള്ളൂ.
വെളിച്ചം കടക്കാൻ പാടില്ല.
സൂര്യനെക്കണ്ട്
സൂര്യകാന്തിപ്പൂക്കൾ വിടര്ന്നാലോ??
അത് കണ്ട്
പുഴകൾ ഒഴികിത്തുടങ്ങിയാലോ??
പൂമ്പാറ്റകൾ പുറത്തേക്കു പറന്നാലോ??
വേണ്ട
മടങ്ങിക്കൊള്ളൂ.
അവളുടെ കണ്ണുകൾക്ക്‌
വന്യത മാത്രമാണ്