Wednesday, April 11, 2018

പാതിരാഅരികെയൊരു റെയിൽ പാളത്തിൽ
ഇല്ലാതായ ആത്മകളത്രയും
ഇന്നലെ പാതിരായ്ക്ക്
എണീറ്റ് കുന്തിച്ചിരുന്നു.
എന്നും രാത്രി അവർ അങ്ങനെ ചെയ്യാറുണ്ടത്രെ.
ഓരോ തീവണ്ടിക്കുലുക്കത്തിലും
അവർ എണീറ്റിരിക്കുകയും
അലറിക്കരയുകയും ചെയ്യുമെന്ന്.
മറ്റൊരു തീവണ്ടിയെത്തും വരെ
നിശബ്ദമായി വിങ്ങുമെന്ന്.
ഇന്നലെ രാത്രി ഞാനും എണീറ്റ് കുന്തിച്ചിരുന്നു.
അവർക്കൊപ്പം അലറിക്കരഞ്ഞു.
പൊടുന്നനെ
കരച്ചിൽ ഒരു ചിരിയായി മാറുകയും
ഓരോരുത്തർ ഓരോരുത്തരായി എഴുനേറ്റു
എനിക്കരികിലെത്തുകയും
വിലാപയാത്ര കണക്കെ
പാളത്തിലേക്കാനയിക്കുകയും ചെയ്തു.
ഇപ്പോൾ ഞങ്ങൾ കുന്തിച്ചിരിക്കാറുണ്ട്.
പാതിരാത്രികളിൽ.
ഓരോരുത്തർ ഓരോരുത്തർ വന്നു ചേരുന്ന സന്തോഷത്തിൽ
ഇപ്പോൾ പൊട്ടിച്ചിരിക്കാറാണ് പതിവ്.

Thursday, March 8, 2018

എഴുതുന്നവളുടെ 'അമ്മ
എഴുതുന്നവളുടെ 'അമ്മ
ഇപ്പോഴും കൊന്ത ചൊല്ലുമ്പോൾ
അവൾക്കായി ഒന്ന് കൂടുതൽ ചൊല്ലുകയും
അവൾക്കു ചുറ്റും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാറുണ്ട്.
ആ പുകച്ചുരുളുകളിൽ നിന്നുമൊരിക്കൽ
മാലാഖാമാർ ഇറങ്ങി വരുമെന്നും
എഴുത്തു പലകയിൽ ആനാംവെള്ളം തളിക്കുമെന്നും
അവർ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ
ഇന്നലെ കേട്ട ഗസലുകലാല്‍ ആലോസരപ്പെടുകയും
പുതിയൊരു പുസ്തക വായനയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ അമ്മ ഇപ്പോഴും അവള്‍ക്കായി
മെഴുകുതിരികള്‍ കത്തിക്കാറുണ്ട്
ആ നശിച്ച വിഷയങ്ങളൊന്നും
അവളുടെ എഴുത്തില്‍ കടന്ന് വരാതിരിക്കേണ്ടതിനും
നല്ലൊരു 'അവന്‍' കടന്ന് വരേണ്ടതിനും
മെഴുകുതിരികള്‍ ആവശ്യമാണെന്ന്
അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ അതില്‍ നിന്നും നാല് മെഴുകുതിരികളെടുത്ത്
പാതിരാവില്‍ കഥകളാക്കുകയും
മറ്റൊരു എഴുത്തുകാരനുമായി പ്രണയത്തിലാവുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ അവളുടെ പുസ്തകക്കെട്ടുകൾ ഓരോന്നായി
അടുക്കി വയ്ക്കുകയും
അലസമായ കിടക്കവിരിയും മാറാലയും വൃത്തിയാക്കുകയും
ഇതിനിടയിൽ അവൾ
മറ്റുള്ള അവളുമാരിൽ ഒരാളാകാൻ
സങ്കീർത്തനങ്ങൾ ഉരുവിടുകയും ചെയാറുണ്ട്.
അവളാകട്ടെ,
ജനലരികിൽ വെള്ളവരയൻ പാമ്പിനോട് കൂട്ടുകൂടുകയും
അവനോടു കഥകൾ പറയുകയും
ചെയ്തു തുടങ്ങിയിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ ഇടയ്ക്കിടെ അവളെ വായിക്കുകയും
പലതപ്പാടെ മായ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.
മായ്ച്ചാൽ ഇല്ലാതാവുന്ന ചിന്തകളിൽ
റൂഹാദക്കുദിശായുടെ വരപ്രസാദം നിറയ്ക്കാമെന്ന്
അവർ ഇപ്പോഴും വ്യാമോഹിക്കുന്നു.
അവളാകട്ടെ മായ്ച്ചതത്രയും ഡയറിത്താളുകളിൽ കുറിച്ചിടുകയും
ചുംബനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുകകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ
ഇന്നലെയൊരു ഗസൽ കേൾക്കുകയും
അതവളുടെ വായനമുറിയിൽ നിന്നാണെന്നു അറിയുകയും ചെയ്തിരിക്കുന്നു.
അവളവിടെ കുന്തിരിക്കപ്പുകയുടെ ഇടയിൽ നിന്ന്
മാലാഖാമാർക്കു കഥകൾ വായിച്ചു കൊടുക്കുകയും
പരിശുദ്ധ റൂഹായ്ക്കു
പ്രണയത്തിന്റെ സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു.


അവളുടെ 'അമ്മ
ജപമാല മുറുകെപ്പിടിക്കുകയും
വീണ്ടും വീണ്ടും അനാംവെള്ളം വെള്ളം അവളുടെമേൽ
ആഞ്ഞു വീശുകയും ചെയ്തു.

Monday, February 12, 2018

ജാരന്റെ സ്തുതികൾ

കാമുകനേ പ്രീയപ്പെട്ടവനേ
എന്‍റെ ജാരനാകുവാന്‍
തയ്യാറാവുക.
നമുക്ക്
ഭാര്യാഭാര്‍ത്താക്കന്മാര്‍ അല്ലാതാവാം.
ജാരനാവുക.
മുന്‍വശത്തെ പൂന്തോട്ടവും
ഏപ്രില്‍ ലില്ലികളും കടന്ന്
ഉമ്മറപ്പടി വഴി കയറുന്ന
ജാരനാവുക.
നിനക്കായി
നിലാവുപുതച്ച ജനലരികുകളില്‍
അപ്പവും വീഞ്ഞുമുണ്ടാവും.
നിലാവരിച്ചിറങ്ങുന്ന കോണുകളില്‍
ഏദേന്‍ തോട്ടങ്ങളുണ്ടാവും.
.............
പ്രിയനേ
ജാരനേ
നമുക്ക്
മുടിയിഴകള്‍ തഴുകുന്ന
കുട്ടികളാകം.
മുടിയിഴകളില്‍
വഴികളുണ്ടാകുമ്പോള്‍
ഞാന്‍ നിന്‍റെ സന്താനത്തെ പെറാം.
.....................
പ്രിയനേ
ജാരനേ
ജാരന്മാരില്‍ വാഴ്ത്തപ്പെട്ടവനേ
നമുക്ക്
പ്രേമത്തിന്റെ സ്തുതികളാലപിക്കാം.
അവസാനത്തെ സ്തുതിയില്‍
വലിഞ്ഞുമുറുകിയുണരും വരെ
നീയായിരിക്കും
എന്‍റെ അവസാന ജാരന്‍.

Wednesday, September 20, 2017

ഏപ്രിൽ പൂവുകൾ

കറുത്ത കാലിലെ
അത്ര കറുപ്പില്ലാത്ത കുഴിനഖത്തിൽ ഈർക്കിലി കുത്തി
അവൻ വീണ്ടും ചോദിച്ചു.
എന്തിനാണ്
ഏപ്രിൽ ലില്ലികളെ സ്നേഹിക്കുന്നതെന്ന് ?
അവനോടോ ഏപ്രിൽ ലില്ലികളോടോ പ്രണയമെന്ന് ..
                ***
ഋതുമതിയെന്നു വാഴ്ത്തപ്പെടും മുൻപേ
അപ്പൂപ്പന്താടികൾ കഥ പറഞ്ഞിരുന്ന കാലത്ത്
പോകാനാനുവാദമില്ലാത്ത കാട്ടുപൊന്തകളിൽ
അവ
വിരിഞ്ഞു നിന്നിരുന്നു.
ചിലപ്പോൾ ഒറ്റക്ക്.
ചിലപ്പോൾ ഒന്നിച്ച്.
അതിർത്തി ഭേദിച്ചവർ .
ഭയമറിയാത്തവർ.
ഓരോ വർഷവും തിരികെയെത്തിയവർ.
പതിയെ പതിയെ വരാതായവർ.
              ***
കറുത്ത ഡയറിത്താളുകൾ അടർത്തിയകത്തി
അത്ര കറുപ്പല്ലാത്ത മകൾ ചോദിക്കുന്നു
ഏപ്രിൽ പൂവുകൾ എവിടെയാണെന്ന് ..
             ***
കണക്കുകൾ സൂക്ഷിക്കാത്ത നാട്ടിൽ നിന്നും
എന്റെ മരിച്ചടക്കുകൾക്കു ഗാനമാലപിക്കുവാൻ
ഏപ്രിൽ പൂവുകൾ ഉണ്ടാവും.
മഴ തിമിർത്തു പെയ്യുന്ന രാത്രികൾക്കവസാനം
വേനലിന്റെ ഉച്ചിയിൽ
അടഞ്ഞ കണ്ണുകൾ ഉള്ളവളെകാണാൻ
അവ ഒരിക്കൽ കൂടി വിരിയും.
പൂവുകൾ അങ്ങനെയാണ്.
യാത്ര തിരിക്കുംനേരം
ഒരിക്കൽ കൂടി കാണുവാനെത്തുന്നവർ.
വാക്കുകൾ പാലിക്കുന്നവർ.
പ്രണയിക്കുന്നവർ
ഏപ്രിൽ പൂവുകൾ.

Wednesday, August 16, 2017

നല്ല പെൺകുട്ടികൾ

ഇന്നലെ മുറിച്ച മുടിച്ചുരുളുകൾ
കറുത്ത 'നീ പകലുകൾ' പോലെ...
ഓരോന്നോരോന്നായി ശ്വസിച്ച്
അപ്പൂപ്പന്താടികൾക്കിടയിലൂടെ
പള്ളിമണികളുടെ കോറസുകൾക്കിടയിൽ നിന്ന്
പറത്തി വിടുകയാണ്.
നല്ല പെൺകുട്ടികൾ അങ്ങനെയാണ്.
മുടിച്ചുരുളുകളിൽ ഓർമ്മകൾ നിറച്ച്
മടുക്കെ മടുക്കെ
പറത്തിവിടുന്നവർ.
കാണെക്കാണെ
കറുത്ത പുകച്ചുരുളുകളാകുന്നവർ.
ഏപ്രിൽ പൂവുകൾ കൊഴിയുകയും
മുടിച്ചുരുളുകൾ കത്തിയമരുകയും
കഴിഞ്ഞ പകലുകൾ
പച്ചകുത്തലാവുകയും ചെയ്യുന്നിടത്ത്
നല്ല പെൺകുട്ടികൾ ശ്വസിച്ചു തുടങ്ങുന്നു.
പെൺകുട്ടികൾ അല്ലാതാവുന്നു.

Tuesday, May 30, 2017

പൂച്ചക്കുഞ്ഞുങ്ങൾ

'അമ്മ പറഞ്ഞ കഥകളിൽ 
പെൺകുട്ടികൾ 
പൂച്ചക്കുഞ്ഞുങ്ങളെ 
ഗർഭം ധരിച്ചിരുന്നു. 
വെളുത്ത രോമങ്ങളുള്ള 
നീലക്കണ്ണുകളുള്ള 
പൂച്ചക്കുട്ടികൾ. 
'അമ്മ പറയാതിരുന്ന 
കഥകളിലൊരിടത്താണ് 
അവൾ ഒരു ചാപിള്ളയെ പെറ്റത്‌.
അടഞ്ഞ കുറുകിയ കണ്ണുകളുള്ള 
ചാപിള്ള. 
കാണെക്കാണെ 
അവളുടെ കണ്ണുകൾ അടയുകയും 
കരഞ്ഞ കണ്ണുകളുള്ള പൂച്ചക്കുഞ്ഞായി 
അവൾ രൂപാന്തരപ്പെടുകയും ചെയ്തു. 

Sunday, April 9, 2017

കവിത

ഒരു കവിത പാടാമോ എന്നവൾ 
'അതിജീവനം'
എന്ന് പറഞ്ഞു അവൻ ഒരു നടപ്പായിരുന്നു.
പൊരിഞ്ഞ വെയിലിൽ.
ഒരു കറുത്ത കവിത.