Wednesday, January 29, 2014

ഒറ്റയാൾ പോരാട്ടം



 ആയുധമില്ലാത്ത ആദ്യ പോരാട്ടം.
ഒരു ഭ്രൂണമാവാൻ.
പോരാട്ടം ജയിച്ചവന്റെ
അഹങ്കാരമായിരുന്നു
ഗർഭപാത്രത്തിലെ അന്തിയുറക്കം.
ആയുധങ്ങളില്ലാത്ത അവസാന പോരാട്ടം.
ഒന്നാം മാസത്തിന്റെ ആദ്യപകുതിയിൽ.
കഷ്ടം.
ഒളിപ്പോരിനവിടെ
സ്ഥലമുണ്ടായിരുന്നില്ല

പ്രിയ വാൻ ഗോഗ്

 
പ്രിയ വാൻ ഗോഗ്
സൂര്യകാന്തിപ്പൂക്കൾക്ക്
ചുവപ്പായിരുന്നെങ്കിൽ
അവയെ നീ വിസ്മരിക്കുമായിരുന്നോ???
ഉവ്വ് എന്ന് പറയരുത്.
നിന്റെ സൂര്യകാന്തിപ്പൂക്കളിൽ
എന്റെ പ്രണയത്തിന്റെ രക്തനിറം
ഞാൻ കണ്ടുപോയി...

ബലി

ദിവസങ്ങളെ
ബലികൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
ഇന്നലെയെ ഞാൻ
അഗ്നിദേവന് നല്കുമായിരുന്നു.
നാളയെ
വായൂദേവനും.
ഇന്നലെകൾ കത്തിയമരട്ടെ.
നാളെകൾ കാറ്റിൽ പറക്കട്ടെ.
ഇന്നിന്റെ കാര്യം മാത്രം ചോദിക്കരുത്.
അവ
എന്റെ മാത്രം ബലിയാണ്

........... ദൈവത്തോട്.....


ജനനം
നിൻറെ തീരുമാനമായിരുന്നു.
എവിടെ?...
എങ്ങനെ?
എപ്പോ?
എല്ലാം നിൻറെ തീരുമാനം.
നീ പാതി
ഞാൻ പാതി
എന്നാരോ പറഞ്ഞതോർക്കുന്നു.
ഇനി
എനിക്ക് വിട്ടുതരൂ.
മരണമേ
ഞാൻ നിന്നെ പ്രണയിക്കട്ടെ.
എവിടെ?
എപ്പോൾ?
എങ്ങനെ?
എല്ലാം
എന്റേത് മാത്രം.
അങ്ങനെ
എനിക്കൊരു കവിതയാകണം.
നിൻറെ കയ്യൊപ്പില്ലാത്ത കവിത.
എന്റെ മാത്രം കയ്യൊപ്പുള്ള
കവിത.