Sunday, October 14, 2018

അമ്മയില്ലാത്ത ദിവസങ്ങൾ

വീട്ടിലെപ്പോഴും സമയമുരുളുക
അമ്മയ്ക്ക് ചുറ്റുമാണ്.
പള്ളിക്കൂടത്തിലേക്ക്  'അമ്മ പോയിട്ട്
ഉച്ചയ്ക്ക് എത്തുന്നത് വരെ വീട്ടിലെ ക്ലോക്ക് അനങ്ങാറുപോലുമില്ല
ഉച്ചയ്ക്ക് ഉണ്ടിട്ടുപോകുമ്പോൾ
വീണ്ടും സൂചികൾ നിശ്ചലമാകും.
പ്ലാസ്റ്റർ ഇട്ട കാലുമായി
തിണ്ണയിലെ ചാരുകസേരയിൽ
അപ്പൻ ഇങ്ങനെ നോക്കിയിരിക്കും.
ന്യൂസ് ചാനലുകൾ മാറി മാറി വന്നു പോകും
സിനിമകൾ പലതു കഴിയും
മുറ്റത്തെ പയറിലെ മുഞ്ഞകളെ ഞെക്കി കൊല്ലുകയും
വീണ്ടും വീണ്ടുമവ ഉയിർത്തെഴുന്നേൽക്കുന്നുവെന്നു തോന്നുകയും ചെയ്യും.
എന്നിട്ടും പോകാത്ത സമയത്തെ ഞെക്കി കൊല്ലുവാൻ ശ്രമിച്ചു കൊണ്ട്
അപ്പനും മോളും പത്രങ്ങൾ അരിച്ചു പെറുക്കുകയും
ന്യൂസ് ചാനലുകളേക്കാൾ ചർച്ചകൾ നടത്തും.
എന്നിട്ടും അടിക്കാത്ത സ്കൂളിലെ നാലുമണി ബെല്ലിനെയോർത്ത്
അവർ പരസ്പരം പരാതിപ്പെടും.
മണ്ടൻ പൂച്ച പരാതികളൊന്നുമില്ലാതെ
'അമ്മ കൊടുത്തതൊക്കെ തിന്നു തീർത്ത് നാലുമണിവരെയുള്ള ഉറക്കത്തിലാവും.
മുറ്റത്തെ കിളിക്കൂട്ടിൽ മാറി മാറി നോക്കി
മുട്ടകൾ രണ്ടും അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തും.
ഉണങ്ങിയ തുണികളൊക്കെ വീണ്ടും വീണ്ടും വെയിലത്തിടുകയും
ഉണക്കിയെടുക്കുകയും ചെയ്യും.
എന്നിട്ടും വരാതെയാകുമ്പോൾ
അപ്പൻ നീട്ടിയൊന്നുറങ്ങും.
ഉറങ്ങിയെണീക്കുമ്പോൾ ക്ലോക്കിലെ സൂചികൾ ഒന്നനങ്ങിയിട്ടുപോലുമുണ്ടാവില്ല.
വെയിൽ താഴുമ്പോൾ പാടവരമ്പത്തേക്കു ഒരു നടപ്പാവും,
ഇന്നോ നാളെയോ വെള്ളത്തിൽ മുങ്ങാൻ തയ്യാറായി നിൽക്കുന്ന
പയറിൻ കുഞ്ഞുങ്ങളേയും വെണ്ടത്തൈകളേയും
ഒന്ന് കണ്ട് തിരിച്ചു പോരും.
അപ്പോഴേക്കും രണ്ടു ഫ്ലാസ്ക് കട്ടൻ കാപ്പികൾ തീരുകയും,
മൂന്നാമതൊരെണ്ണം അടുപ്പത്തു തിളച്ചു മറിയുകയും ചെയ്യും.
അങ്ങനെയിരിക്കെ കിതച്ച ആക്ടീവയുടെ ശബ്ദം
വളവു തിരിഞ്ഞെത്തും.
സമയം വീണ്ടും ഓടിത്തുടങ്ങുകയും
മണ്ടൻ പൂച്ച ഉറക്കം നിർത്തുകയും
അപ്പനും മോളും ഒന്നും സംഭവിക്കാത്ത ആ ദിവസത്തെക്കുറിച്ച്
എന്തൊക്കെയോ പറയാനുള്ളതായി ഭാവിച്ച് തിണ്ണയിലേക്കു ഓടിയെത്തുകയും ചെയ്യും

അങ്ങനെയിരിക്കെയാണ്
'അമ്മ ആശുപത്രിയിലാകുന്നത്.
പോയ വഴിയേ
'അമ്മ ചുവരിലെ സമയം കൂടി കൊണ്ടുപോയിരിക്കുന്നു.
കൂടെ അടുക്കളപ്പുറത്തെ കലണ്ടറും
രാത്രിയും പകലുമില്ലാതെ
ദിവസങ്ങളിലാതെ വീടുകൾ ഉണ്ടാകുന്നത്
അമ്മയില്ലാതെയാകുമ്പോഴാണ്.
പിന്നെ ആകെയുണ്ടാവുക
വീണ്ടും വീണ്ടും നിറയുന്ന കട്ടൻ കാപ്പി ഫ്ലാസ്കുകളാണ്.

Thursday, September 27, 2018

ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ എഴുതുന്നവൾ
അത്രമാത്രമാണ് അവളെക്കുറിച്ചു പറയപ്പെട്ടത്.
പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് 
ആവി പിടിച്ച സന്ധ്യകളിലൊന്നിലാണ് 
അവൾ ആദ്യത്തെ സങ്കീർത്തനമെഴുതിയത്.
അവന്റെ നട്ടെല്ലിടത്തിലെ രോമങ്ങൾക്കിടയിൽ 
അവളിങ്ങനെ എഴുതി.
"വാഴ്ത്തപ്പെട്ടവൻ"
പുളിമ്പൊടി വേകിച്ച മറ്റൊരു സന്ധ്യയിൽ
അവളിങ്ങനെ കുറിച്ചു 
"ആലിംഗനങ്ങളാൽ വാഴ്ത്തപ്പെടുന്നവനേ, നിനക്ക് സ്തുതി"
കരിമ്പടം മറന്നുവെച്ച രാത്രികളിലൊന്നിൽ 
അവളൊരു സ്തോത്രഗീതം രചിച്ചു.
വലതു കയ്യിൽ കവിതകളുമായി ഉറങ്ങിയ രാത്രിയിൽ
 അവളിങ്ങനെ കുറിച്ചു,
"ഓർശ്ലേമിന്റെ തെരുവുകൾ പോലെ 
എന്നെ ശബ്ദായമാനമാക്കിയവനേ
നിനക്ക് സ്തുതി"
സുഭാഷിതങ്ങളിൽ ജീവിച്ചിരുന്ന ഒരുവൾ
പൊടുന്നനെ നക്ഷത്രങ്ങളെ നോക്കി
ഇങ്ങനെ ആലപിച്ചു
"മരുഭൂമിയുടെ ആഴങ്ങളിൽ
ഉർവരതയുടെ സങ്കീർത്തനങ്ങൾ ഒളിപ്പിച്ചവനേ
കഴുത്തോളം മുങ്ങുന്ന ജലാശയത്തിൽ
നിനക്കെന്റെ ഗീതങ്ങൾ"

ലോകം മുഴുവൻ ഒന്നിച്ചു പറഞ്ഞു
ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ 

Friday, August 31, 2018

ശൂന്യം

മരണം മണക്കുന്ന പാതിരാകളിൽ
എനിക്കൊപ്പം കുന്തിച്ചിരുന്നവളേ
ഇന്നലെയൊരു ഉരുൾപൊട്ടലിൽ തറ താനേ കീറുകയും
നീ ഇല്ലാതാവുകയും ചെയ്ത നേരത്ത്
ആകാശം നെടുകെ  പിളരുകയും
നമ്മൾ  കാത്തിരുന്ന പ്രാവിൻകുഞ്ഞുങ്ങൾ
മിന്നലുകളാവുകയും ചെയ്തു.
നീയിപ്പോഴും എന്തെടുക്കുകയാണ്?

കല്ലറയിലെ സിമന്റ് മണക്കുന്ന തറകളിൽ
കഥകളുറങ്ങുന്നുവെന്നു പറയുകയും
കാച്ചെണ്ണയുടെ ഗന്ധത്തിൽ,
സ്വയം കഥകളാവുവുകയും ചെയ്തവളേ
ഇരുണ്ട മലവെള്ളപ്പാച്ചിലിൽ
നക്ഷത്രങ്ങൾ പോലും ഒലിച്ചു പോവുകയും
നമ്മൾ  നിന്നിടം ശൂന്യമാവുകയും ചെയ്തു.
നീയിപ്പോഴും എവിടെയാണ്?

അത്രമേൽ ഇവിടം ശൂന്യമാണ്
അത്രമേൽ....................

Thursday, August 30, 2018

ഇടം

എനിക്ക് വേണ്ടി
കറുത്ത കുപ്പായങ്ങൾ തുന്നിയവനേ,
ഒഴിഞ്ഞ തോൽക്കുടങ്ങളിൽ 
എന്നെയുരുക്കി നിറച്ചവനേ 
ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക് 
എനിക്കൊരു ഹവ്വായുണ്ടെന്ന് പറഞ്ഞവനേ 
പറുദീസാ പോലൊരു അടുക്കളത്തോട്ടത്തിൽ 
മള്ബറിയുടെ വീഞ്ഞുമായി 
സർപ്പം നിന്നെ കാത്തിരിക്കുമ്പോൾ 
കാറും കോളുമുണ്ടാവും 
എന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്ന കടലുകളിൽ 
നമുക്ക് വള്ളങ്ങളുണ്ടാക്കാം. 
ഒരു തിര പോലും താങ്ങാനാവാതെ 
കടലിന്റെ ആഴങ്ങളിൽ മെല്ലെയില്ലാതാവുമ്പോൾ 
മുങ്ങി മറന്ന കപ്പലുകളിലൊന്നിൽ 
ഞാൻ നിനക്കൊരു പറുദീസാ കാട്ടിത്തരും.
ചെകിളകൾ മുളച്ചു മത്സ്യമായി രൂപാന്തരപ്പെടുന്ന ആ നേരം 
മീനുകൾ ചുംബിക്കുന്നതെങ്ങനെ എന്ന് 
ആദ്യമായി നമ്മളറിയും..


Wednesday, April 11, 2018

പാതിരാ



അരികെയൊരു റെയിൽ പാളത്തിൽ
ഇല്ലാതായ ആത്മാക്കളത്രയും
ഇന്നലെ പാതിരായ്ക്ക്
എണീറ്റ് കുന്തിച്ചിരുന്നു.
എന്നും രാത്രി അവർ അങ്ങനെ ചെയ്യാറുണ്ടത്രെ.
ഓരോ തീവണ്ടിക്കുലുക്കത്തിലും
അവർ എണീറ്റിരിക്കുകയും
അലറിക്കരയുകയും ചെയ്യുമെന്ന്.
മറ്റൊരു തീവണ്ടിയെത്തും വരെ
നിശബ്ദമായി വിങ്ങുമെന്ന്.
ഇന്നലെ രാത്രി ഞാനും എണീറ്റ് കുന്തിച്ചിരുന്നു.
അവർക്കൊപ്പം അലറിക്കരഞ്ഞു.
പൊടുന്നനെ
കരച്ചിൽ ഒരു ചിരിയായി മാറുകയും
ഓരോരുത്തർ ഓരോരുത്തരായി എഴുന്നേറ്റ്
എനിക്കരികിലെത്തുകയും
വിലാപയാത്ര കണക്കെ
പാളത്തിലേക്കാനയിക്കുകയും ചെയ്തു.
ഇപ്പോൾ ഞങ്ങൾ കുന്തിച്ചിരിക്കാറുണ്ട്.
പാതിരാത്രികളിൽ.
ഓരോരുത്തർ ഓരോരുത്തർ വന്നു ചേരുന്ന സന്തോഷത്തിൽ
ഇപ്പോൾ പൊട്ടിച്ചിരിക്കാറാണ് പതിവ്.

Thursday, March 8, 2018

എഴുതുന്നവളുടെ 'അമ്മ




എഴുതുന്നവളുടെ 'അമ്മ
ഇപ്പോഴും കൊന്ത ചൊല്ലുമ്പോൾ
അവൾക്കായി ഒന്ന് കൂടുതൽ ചൊല്ലുകയും
അവൾക്കു ചുറ്റും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാറുണ്ട്.
ആ പുകച്ചുരുളുകളിൽ നിന്നുമൊരിക്കൽ
മാലാഖാമാർ ഇറങ്ങി വരുമെന്നും
എഴുത്തു പലകയിൽ ആനാംവെള്ളം തളിക്കുമെന്നും
അവർ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ
ഇന്നലെ കേട്ട ഗസലുകലാല്‍ ആലോസരപ്പെടുകയും
പുതിയൊരു പുസ്തക വായനയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ അമ്മ ഇപ്പോഴും അവള്‍ക്കായി
മെഴുകുതിരികള്‍ കത്തിക്കാറുണ്ട്
ആ നശിച്ച വിഷയങ്ങളൊന്നും
അവളുടെ എഴുത്തില്‍ കടന്ന് വരാതിരിക്കേണ്ടതിനും
നല്ലൊരു 'അവന്‍' കടന്ന് വരേണ്ടതിനും
മെഴുകുതിരികള്‍ ആവശ്യമാണെന്ന്
അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ അതില്‍ നിന്നും നാല് മെഴുകുതിരികളെടുത്ത്
പാതിരാവില്‍ കഥകളാക്കുകയും
മറ്റൊരു എഴുത്തുകാരനുമായി പ്രണയത്തിലാവുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ അവളുടെ പുസ്തകക്കെട്ടുകൾ ഓരോന്നായി
അടുക്കി വയ്ക്കുകയും
അലസമായ കിടക്കവിരിയും മാറാലയും വൃത്തിയാക്കുകയും
ഇതിനിടയിൽ അവൾ
മറ്റുള്ള അവളുമാരിൽ ഒരാളാകാൻ
സങ്കീർത്തനങ്ങൾ ഉരുവിടുകയും ചെയാറുണ്ട്.
അവളാകട്ടെ,
ജനലരികിൽ വെള്ളവരയൻ പാമ്പിനോട് കൂട്ടുകൂടുകയും
അവനോടു കഥകൾ പറയുകയും
ചെയ്തു തുടങ്ങിയിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ ഇടയ്ക്കിടെ അവളെ വായിക്കുകയും
പലതപ്പാടെ മായ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.
മായ്ച്ചാൽ ഇല്ലാതാവുന്ന ചിന്തകളിൽ
റൂഹാദക്കുദിശായുടെ വരപ്രസാദം നിറയ്ക്കാമെന്ന്
അവർ ഇപ്പോഴും വ്യാമോഹിക്കുന്നു.
അവളാകട്ടെ മായ്ച്ചതത്രയും ഡയറിത്താളുകളിൽ കുറിച്ചിടുകയും
ചുംബനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുകകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ
ഇന്നലെയൊരു ഗസൽ കേൾക്കുകയും
അതവളുടെ വായനമുറിയിൽ നിന്നാണെന്നു അറിയുകയും ചെയ്തിരിക്കുന്നു.
അവളവിടെ കുന്തിരിക്കപ്പുകയുടെ ഇടയിൽ നിന്ന്
മാലാഖാമാർക്കു കഥകൾ വായിച്ചു കൊടുക്കുകയും
പരിശുദ്ധ റൂഹായ്ക്കു
പ്രണയത്തിന്റെ സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു.


അവളുടെ 'അമ്മ
ജപമാല മുറുകെപ്പിടിക്കുകയും
വീണ്ടും വീണ്ടും അനാംവെള്ളം വെള്ളം അവളുടെമേൽ
ആഞ്ഞു വീശുകയും ചെയ്തു.

Monday, February 12, 2018

ജാരന്റെ സ്തുതികൾ

കാമുകനേ പ്രീയപ്പെട്ടവനേ
എന്‍റെ ജാരനാകുവാന്‍
തയ്യാറാവുക.
നമുക്ക്
ഭാര്യാഭാര്‍ത്താക്കന്മാര്‍ അല്ലാതാവാം.
ജാരനാവുക.
മുന്‍വശത്തെ പൂന്തോട്ടവും
ഏപ്രില്‍ ലില്ലികളും കടന്ന്
ഉമ്മറപ്പടി വഴി കയറുന്ന
ജാരനാവുക.
നിനക്കായി
നിലാവുപുതച്ച ജനലരികുകളില്‍
അപ്പവും വീഞ്ഞുമുണ്ടാവും.
നിലാവരിച്ചിറങ്ങുന്ന കോണുകളില്‍
ഏദേന്‍ തോട്ടങ്ങളുണ്ടാവും.
.............
പ്രിയനേ
ജാരനേ
നമുക്ക്
മുടിയിഴകള്‍ തഴുകുന്ന
കുട്ടികളാകം.
മുടിയിഴകളില്‍
വഴികളുണ്ടാകുമ്പോള്‍
ഞാന്‍ നിന്‍റെ സന്താനത്തെ പെറാം.
.....................
പ്രിയനേ
ജാരനേ
ജാരന്മാരില്‍ വാഴ്ത്തപ്പെട്ടവനേ
നമുക്ക്
പ്രേമത്തിന്റെ സ്തുതികളാലപിക്കാം.
അവസാനത്തെ സ്തുതിയില്‍
വലിഞ്ഞുമുറുകിയുണരും വരെ
നീയായിരിക്കും
എന്‍റെ അവസാന ജാരന്‍.