Thursday, April 23, 2015

വിഷം തിന്നു ജീവിക്കുന്ന സ്നോവയിറ്റുമാര്‍

പണ്ടു അമ്മ പറഞ്ഞുകേട്ട കുട്ടിക്കഥയിലെ
സ്നോവയിറ്റിനു കിട്ടിയതായിരുന്നു
വിഷം നിറച്ച അപ്പിള്‍.
ആ കഥയ്ക്ക് ശേഷം
ഞാനാപ്പിള്‍ കഴിക്കുമായിരുന്നില്ല.
പക്ഷെ
ഇപ്പോഴെനിക്ക്‌ ചിരി വരുന്നു.
അപ്പിള്‍ കഴിച്ചു
സ്നോവയിറ്റ് മരിച്ചതോര്‍ത്ത്.
വിഷം കഴിച്ചാല്‍
ആളുകള്‍ മരിക്കുമോ ??\
അങ്ങനെയെങ്കില്‍
ഞാനും നീയുമൊക്കെ സ്നോവയിറ്റുമാരാണ് ..
എന്നും വിഷം മാത്രം കഴിക്കുന്ന
സ്നോവയിറ്റുമാര്‍..
എന്നിട്ടും നമ്മള്‍ മരിക്കുന്നില്ല.

നമുക്കൊരുമിച്ചു
പുഴുക്കള്‍ കയറുന്ന,
മുഞ്ഞകള്‍ മുളക്കുന്ന,
പ്രാണികള്‍ കൂടുവയ്ക്കുന്ന
വിഷമില്ലാത്ത
ഒരാപ്പിള്‍ മരം നടാം.
ചിലപ്പോള്‍ അതിന്റെ നടുവില്‍
നാം മരിച്ചു വീണേക്കാം.
നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
സ്നോവയിറ്റുമാരല്ലേ...
ശുദ്ധമായത് കണ്ടു ശീലമില്ലാത്തവര്‍.
മുലപ്പാലില്‍
എന്ടോസള്‍ഫാന്‍ കലക്കുന്നവര്‍.
അതെ
നമുക്കൊരുമിച്ചു ഒരാപ്പിള്‍ മരം നടാം.
അതിന്റെ ചുവട്ടില്‍
ഒരു കബറിടവും.
അതില്‍ ഇങ്ങനെ എഴുതാം.
" വിഷമില്ലാത്ത അപ്പിള്‍ കഴിച്ചു മരിച്ച സ്നോവയിറ്റുമാര്‍
ചുംബനം കാത്തു കിടക്കുന്നു "

കഷ്ട്ടം..
എനിക്ക് വീണ്ടും ചിരി വരുന്നു..
വിഷം കഴിച്ചു മരിച്ച
സ്നോവയിറ്റിനെ ഓര്‍ത്ത്‌..
വിഷം തിന്നു ജീവിക്കുന്ന
നമ്മളെയോര്‍ത്തു...

1 comment:

  1. വിഷംതിന്നു മരിക്കാത്ത സ്നോവൈറ്റ്മാർക്ക് ആദരാഞ്ജലികൾ...

    ReplyDelete