Saturday, December 19, 2020

പ്രതീക്ഷ

എത്ര പ്രാർത്ഥനകളുണ്ടാവും?!
ഇങ്ങനെയിങ്ങനെ
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ,
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."
എത്ര പ്രാർത്ഥനകളുണ്ടാവുമിങ്ങനെ?
അങ്ങനെ പ്രാർഥിച്ചു വരുമ്പോൾ 
അയാൾ ഒന്നു തലോടും 
അതുമല്ലെങ്കിൽ 
ഒന്ന് ചിരിക്കും.
പ്രാർഥനകൾക്കന്ത്യമാകും 
പ്രാർത്ഥിച്ചതോർത്തു പശ്ചാത്താപമാകും.
കണ്ണുകളുരുണ്ടുകൂടും.
കപ്പേളയ്ക്കു മുന്നിൽ
പരിഹാരത്തിൻ്റെ മെഴുതിരികളുരുകും. 

അപ്പോഴാണയാൾ
തലങ്ങം വിലങ്ങം ചീത്ത വിളിക്കുക.
എന്തിനെന്നയാൾക്കോ
മറ്റുള്ളവർക്കോ തിരിയാതെ 
അയാൾ മുഴുക്കെ തെറി വിളിക്കും.
ചിലപ്പോൾ ചൂലോ വിറകോ എടുത്തെറിയും.
വീങ്ങിയ മോന്തയുമായി വീണ്ടും പ്രാർഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

പിറ്റേന്നയാൾ
കല്ലടമുട്ടിയും വരാലുമായി വീടു കയറും.
കുടംപുളിയിട്ട് ചേർത്ത് കഴിക്കാൻ
ഒരു മൂട് കപ്പയും കരുതും.
വെട്ടാനും വേവിയ്ക്കക്കാനും ഒപ്പം കൂടും.
ഇന്നലെയെ എങ്ങനെയാണ് ഇങ്ങനെ മറക്കുന്നതെന്നോർക്കുമ്പോൾ
അയാൾ അടുത്ത കുപ്പി തുറക്കും
"നീയൊന്നും പഠിക്കേണ്ടടി" എന്നാക്രോശിക്കും.
പുസ്തകങ്ങൾ തെങ്ങുംചുവട്ടിലോ
കോഴിക്കൂടിൻ്റെ മറവിലോ ചെന്നു വീഴും.
ആക്രോശങ്ങൾക്കു നടുവിൽ നിന്നുകൊണ്ട്
വീണ്ടും പ്രാർത്ഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ 
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

അങ്ങനെ പ്രാർത്ഥിക്കുമ്പോൾ
അയാൾ നിലാവത്തിറങ്ങിപ്പോവും.
നിലാവെളിച്ചത്തിൽ
വീണ്ടും മരണപ്രതീക്ഷകളുയരും.

ഇങ്ങനെ
എത്രെയെത്ര പ്രതീക്ഷകളാണ് ?!
എണ്ണമില്ലാതെ
അന്ത്യമില്ലാതെ
"അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
......."

Tuesday, November 10, 2020

അഞ്ചു പെണ്ണുങ്ങൾ

മറിയാമ്മ ചേട്ടത്തിക്ക് 
മക്കൾ നാലാണ്.
അവർ നാലും വിശുദ്ധരല്ല.
നാലാമത്തെയവളെ
ത്രേസ്യ പുണ്യാളത്തിയെന്നാണ്
നാട്ടാര് വിളിക്കുന്നെ പോലും.
എന്നാലുമവളും വിശുദ്ധയല്ല.

ഒന്നാമത്തെയവള്
നാട്ടാരെ തെറി പറയുംപോലും.
ശരിയാണ്,
മുട്ടയാറും മുന്നേ
കൊഴിരണ്ട് കളവുപോയയന്ന്
വേലിക്കല് നിന്ന് 
അവൾ പരക്കെ തെറി വിളിച്ചിരുന്നു. 
കളവ് പോയ പൂവൻകുലയ്ക്കും,
കുറഞ്ഞു പോയ കൂലിക്കും,
ഏച്ചു കെട്ടിയ വേലി കിടുങ്ങുമാറുറക്കെ
ആവൾ തെറി വിളിച്ചിരുന്നു.

"ഇതേ വേലി ചാടിയല്ലയോടി
അനിയത്തിയിരുത്തി 
അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയെ?"
എന്ന ചോദ്യത്തിന്
നിങ്ങൾക്കെന്നാ ഇത്ര ചേതമെന്ന് ചോയിച്ച്
അവള് ഭൂമി ചവിട്ടിക്കുലുക്കി.

രണ്ടാമത്തെയവൾ
മുന്നേ പറഞ്ഞപോലെ
ഒരുത്തനൊപ്പം ഇറങ്ങിപ്പോയി പോലും.
രണ്ടൂസം കഴിഞ്ഞ്
അവള് തിരിച്ചും പോന്നു.
പെണ്ണായാൽ പാടുള്ള കാര്യമാണോ? 
നാട്ടാര് നാട്ടാര്
പിള്ളേർടമ്മയെ കണക്കിന് ദോഷം പറഞ്ഞു
''അപ്പൻ്റെ പിടിപ്പുകേട്,
അല്ലാതെന്നാ?
ചുമ്മാതെയാണോ അങ്ങേര് തൂങ്ങിച്ചത്തത് "
മത്തായി മാപ്പിള
തെമ്മാടിക്കുഴിയിൽ
സ്വസ്ഥമായുറങ്ങി.
ഇടയ്ക്കിടെ പുള്ളി ചിരിക്കുവേം ചെയ്തു

മൂന്നാമത്തെയവള് എന്നാ പോക്കണം കേടാ കാണിച്ചേന്നോ !
പകലെന്നില്ല
അന്തിയെന്നില്ല.
നാടകം കളിക്കുന്നു.
പള്ളിപ്പമ്പില്, അമ്പലപ്പറമ്പില്
റോട്ടിനു നടുക്കും വരെ.
അപ്പനില്ലാത്ത പെണ്ണുങ്ങടെ തോന്ന്യാസം.

നാലാമത്തെ വിശുദ്ധ കന്യാസ്ത്രീയാരുന്നു.
ഒരൂസം അവളിങ്ങ് വീട്ടീപ്പോന്നു.
നാട്ടാർടെ തുണിതയ്ക്കാൻ തുടങ്ങി.
തുണിക്കെട്ടുകളോരോന്നും 
വന്നപ്പോഴും പോയപ്പോഴും
ത്രേസ്യ പുണ്യാളത്തിയെന്ന് വിളിച്ച്
ഉറിച്ചിരിച്ചു.

വൈകുന്നേരം 
അഞ്ചു പെണ്ണുങ്ങൾ വട്ടം കൂടി .
സകല വിശുദ്ധർക്കും
ലുത്തിനിയാ ചൊല്ലി.
ഒരുമിച്ചിരുന്നവർ കഞ്ഞി കുടിച്ചു.
രണ്ടു തഴപ്പായിൽ അവർ ഒന്നിച്ചു കിടന്നു.
എവിടെയുമില്ലാത്തൊരു സമാധാനം
അവർക്കു ചുറ്റും നിറഞ്ഞു.
അവർ അവർക്കു തന്നെ
കാവൽ നിന്നു.

Monday, November 9, 2020

ഹൃദയമേ നിനക്കെത്ര വാതിലുകളാണ്!

എത്ര മുട്ടിയാലും
തുറക്കാത്ത വീടുകളുണ്ട്.
വാതിൽക്കലെത്തി ആവേശപൂർവ്വം കാത്തിരിക്കാമെങ്കിലും
അവ ഒരിക്കലും തുറക്കപ്പെടുകില്ല.
ഹൃദയത്തിൻ്റെ അരികു ചേർത്ത്,
വിള്ളലുകളിലൂടെ,
അല്പ്പാല്പ്പം അകം കാണുംവിധം
ചേർത്തടച്ചിരിക്കും.
കുത്തിയിരിക്കാം
പുറത്ത് ചുമ്മായിങ്ങനെ.
തണുപ്പത്ത്
വെയിലത്ത്
മഴയത്ത്.
വീണ്ടും വീണ്ടും 
വിള്ളലുകളിലൂടെ അകം കാണാം.
അകത്ത് ചിരിയും ചിന്തയും കേൾക്കാം
ഞരക്കവും കരച്ചിലും കാണാം.
ഇന്നല്ലെങ്കിൽ നാളെ എന്നവണ്ണം
വിടവുകൾ 
നമ്മെയിങ്ങനെ കണ്ണുകാട്ടും.


എത്ര ഒച്ചവെച്ചാലും
കേൾക്കാത്ത വാതിലുകളുണ്ട്.
ഒരു വട്ടം മാത്രമെന്ന് കെഞ്ചിയാലും
തുറക്കപ്പെടാത്തവ.
തുറന്നാൽത്തന്നെ
അതിവേഗം കൊടിയടയ്ക്കപ്പെടുന്നവ.
അങ്ങനെയൊന്നിൽ തട്ടിത്തളർന്ന
ഒരു മനുഷ്യനെക്കണ്ടു.
അയാളുടെ ഹൃദയം പോലും
നരച്ചിരുന്നു.

എത്ര തുറന്നാലും
തുറക്കപ്പെടാത്ത വാതിലുകളുണ്ട്.
അവയൊന്നിൻ്റെ മുന്നിലാണ്
ഞാനിപ്പോൾ.
അകത്തു കടക്കാം
തോന്നുമ്പോൾ പുറത്തും.
സ്വീകരണമുറിയ്ക്കപ്പുറം
ഒന്നു തട്ടി വിളിക്കുവാൻ പോലും വാതിലുകളില്ലാതെ
ഇതെത്രാമത്തെ വാതിലാണ്!


Sunday, November 8, 2020

ഇനിയുമെന്താണ്?


ഇന്നലെക്കണ്ട ഒരുവൾക്ക് 

എന്തോ ഒരു കുറവുണ്ടായിരുന്നു.

കണ്ണുകളില്ലാത്തതുപോലെ

ഹൃദയം കറുത്തതുപോലെ 

അകം ശൂന്യമായതു പോലെ

പ്രണയം നഷ്ടമായതു പോലെ.

ഞാനവൾക്ക്

ബോബിയച്ചനെ നൽകി.

വാൻഗോഗിനെ നൽകി

അന്നയേയും ദസതയോവസ്കിയേയും നല്കികി.

അവൾ തിരികെ

റൂമിയേയും വീരാൻ കുട്ടിയേയും നൽകി.

നെരൂദയെയും ചുള്ളിക്കാടിനെയും പാടി.

ഇനിയുമെന്താണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഞാനവൾക്ക് അപുവിൻ്റെ ലോകം നൽകി.

അവൾ എനിക്ക് ആലീസിൻ്റെ അത്ഭുതലോകം

തിരികെ നല്കി.

ഒടുവിൽ ഞാനവൾക്ക് ചുംബനം നല്കി.

അവൾ തിരികെ വാരിപ്പുണർന്നു.

ഇനിയുമെന്താണെന്നിരിക്കെ

അവൾ ശൂനമായിക്കൊണ്ടേയിരുന്നു.

Saturday, July 18, 2020

അമ്മയുണ്ടാവുന്നു

സമയം രണ്ട് ഒൻപത് 
അപ്പോഴാണ് അമ്മയുണ്ടായത്
ആരും പറഞ്ഞില്ല
ആരും  അറിഞ്ഞതുമില്ല
അമ്മയുമറിഞ്ഞില്ല
അമ്മയ്ക്ക് ജാതകവുമുണ്ടായില്ല.

കുട്ടി വലിയവായിൽ കരഞ്ഞു
അമ്മയറിഞ്ഞില്ല 
കീറിയ വയറിലെ തുന്നലും 
അമ്മയറിഞ്ഞില്ല.
ഒന്നും അമ്മയറിഞ്ഞില്ല.
ശേഷം വേദനിക്കുമെന്നാരും പറഞ്ഞില്ല.
വേദനിച്ചതുമാരുമറിഞ്ഞില്ല.
 
ശരീരവും മനസും
വേദനിച്ചു മത്സരിച്ചുകൊണ്ടേയിരുന്നു.
ദിവസങ്ങൾ 
മാസങ്ങൾ 
അങ്ങനെയങ്ങനെ.
ആരും പറഞ്ഞില്ല 
അമ്മയറിഞ്ഞില്ല
ആരുമറിഞ്ഞില്ല  

കുട്ടി വാ വിട്ടു കരഞ്ഞു 
പിന്നെ ചിരിച്ചു 
കമഴ്ന്നു 
നീന്തി 
എണീറ്റു 
ലോകത്തോട് കുടു കുടാ ചിരിച്ചും കരഞ്ഞും മത്സരിച്ചു.

'അമ്മ എണീറ്റു 
പിച്ച വച്ചു 
ഉള്ളു നീറി 
കണ്ണ് നീറി 
മുലകൾ നിറഞ്ഞു കല്ലിച്ചു.
മിണ്ടാതെ മിണ്ടാതെ 
'അമ്മ ലോകത്തോട് മത്സരിച്ചു.
ആരും പറഞ്ഞില്ല 
ആരുമറിഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല.

കുട്ടിക്കമ്മയുണ്ടായി 
അച്ഛനുണ്ടായി 
അച്ഛമ്മയുണ്ടായി 
അച്ഛച്ഛനുണ്ടായി 
അങ്ങനെയങ്ങനെ 
വലിയ നിരയുണ്ടായി.
അമ്മയ്ക്കമ്മയുണ്ടായി 
കുട്ടിയുണ്ടായി 
നിരകളുണ്ടായില്ല 
ആരുമറിഞ്ഞതുമില്ല. 

നീണ്ട രാത്രികളിൽ കുട്ടി വാ വിട്ടു കരഞ്ഞു
ചിലപ്പോഴമ്മയും.
മറ്റുചിലപ്പോൾ വെളുക്കുവോളം 
കുട്ടി പുതപ്പുകൾ കൊണ്ട് ഭൂപടങ്ങളുണ്ടാക്കി 
അമ്മയാകട്ടെ 
അതിരുകൾക്കു കൂട്ടിരുന്നു 
അതിരുകൾ മാറിയും മറിഞ്ഞും വന്നു 
ചിലപ്പോൾ 'അമ്മ കുട്ടിയും 
കുട്ടി അമ്മയുമായി.
'അമ്മ വാ വിട്ടു കരഞ്ഞു 
കുട്ടി ഇറുകെപ്പിടിച്ചു.
ആരും പറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല
പിന്നെ പിന്നെ 
അമ്മയും പറഞ്ഞില്ല. 

വീണ്ടുമൊരമ്മയുണ്ടായി 
അരുമറിഞ്ഞില്ല 
ആരുംപറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല 

മരണം

മരിക്കുമെന്നുള്ള ഭയമല്ല, ആർക്കൊപ്പമടക്കുമെന്നുള്ള ഭയമാണ്. പള്ളിസെമിത്തേരിയിലെ പൊള്ളുന്ന തറയിൽ എങ്ങനെ കിടക്കുമെന്ന അങ്കലാപ്പാണ്. റബറിലകൾ മാത്രമുള്ള സെമിത്തേരി മണത്തോടുള്ള വെറുപ്പാണ്. ഇപ്പോൾ അസൂയ എന്റെ പുരയിടത്തിൽ മരിച്ച മുയലുംകുഞ്ഞുങ്ങളോടാണ്. കുഞ്ഞുങ്ങളൊരുക്കിയ കുഴിമാടത്തിൽ അലിഞ്ഞില്ലാതായി അവർ ഇലകളിലും പൂക്കളിലുമെത്തി. വല്യമ്മച്ചി ഇപ്പോഴും അഴുകിപൂർത്തിയാകാതെ പള്ളിസെമിത്തേരിയിൽ. എനിക്കവർക്കൊപ്പമെഴുകണം. മുയലുംകുഞ്ഞുങ്ങൾക്കൊപ്പം. അടുത്ത വേനൽക്കാലത്ത് ഒരായിരം വാകപ്പൂക്കളായി നിന്റെ നെറുകയിൽ ചുവന്നു പെയ്യണം. ചുവന്നു ചുവന്നു പെയ്യണം.