Tuesday, November 10, 2020

അഞ്ചു പെണ്ണുങ്ങൾ

മറിയാമ്മ ചേട്ടത്തിക്ക് 
മക്കൾ നാലാണ്.
അവർ നാലും വിശുദ്ധരല്ല.
നാലാമത്തെയവളെ
ത്രേസ്യ പുണ്യാളത്തിയെന്നാണ്
നാട്ടാര് വിളിക്കുന്നെ പോലും.
എന്നാലുമവളും വിശുദ്ധയല്ല.

ഒന്നാമത്തെയവള്
നാട്ടാരെ തെറി പറയുംപോലും.
ശരിയാണ്,
മുട്ടയാറും മുന്നേ
കൊഴിരണ്ട് കളവുപോയയന്ന്
വേലിക്കല് നിന്ന് 
അവൾ പരക്കെ തെറി വിളിച്ചിരുന്നു. 
കളവ് പോയ പൂവൻകുലയ്ക്കും,
കുറഞ്ഞു പോയ കൂലിക്കും,
ഏച്ചു കെട്ടിയ വേലി കിടുങ്ങുമാറുറക്കെ
ആവൾ തെറി വിളിച്ചിരുന്നു.

"ഇതേ വേലി ചാടിയല്ലയോടി
അനിയത്തിയിരുത്തി 
അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയെ?"
എന്ന ചോദ്യത്തിന്
നിങ്ങൾക്കെന്നാ ഇത്ര ചേതമെന്ന് ചോയിച്ച്
അവള് ഭൂമി ചവിട്ടിക്കുലുക്കി.

രണ്ടാമത്തെയവൾ
മുന്നേ പറഞ്ഞപോലെ
ഒരുത്തനൊപ്പം ഇറങ്ങിപ്പോയി പോലും.
രണ്ടൂസം കഴിഞ്ഞ്
അവള് തിരിച്ചും പോന്നു.
പെണ്ണായാൽ പാടുള്ള കാര്യമാണോ? 
നാട്ടാര് നാട്ടാര്
പിള്ളേർടമ്മയെ കണക്കിന് ദോഷം പറഞ്ഞു
''അപ്പൻ്റെ പിടിപ്പുകേട്,
അല്ലാതെന്നാ?
ചുമ്മാതെയാണോ അങ്ങേര് തൂങ്ങിച്ചത്തത് "
മത്തായി മാപ്പിള
തെമ്മാടിക്കുഴിയിൽ
സ്വസ്ഥമായുറങ്ങി.
ഇടയ്ക്കിടെ പുള്ളി ചിരിക്കുവേം ചെയ്തു

മൂന്നാമത്തെയവള് എന്നാ പോക്കണം കേടാ കാണിച്ചേന്നോ !
പകലെന്നില്ല
അന്തിയെന്നില്ല.
നാടകം കളിക്കുന്നു.
പള്ളിപ്പമ്പില്, അമ്പലപ്പറമ്പില്
റോട്ടിനു നടുക്കും വരെ.
അപ്പനില്ലാത്ത പെണ്ണുങ്ങടെ തോന്ന്യാസം.

നാലാമത്തെ വിശുദ്ധ കന്യാസ്ത്രീയാരുന്നു.
ഒരൂസം അവളിങ്ങ് വീട്ടീപ്പോന്നു.
നാട്ടാർടെ തുണിതയ്ക്കാൻ തുടങ്ങി.
തുണിക്കെട്ടുകളോരോന്നും 
വന്നപ്പോഴും പോയപ്പോഴും
ത്രേസ്യ പുണ്യാളത്തിയെന്ന് വിളിച്ച്
ഉറിച്ചിരിച്ചു.

വൈകുന്നേരം 
അഞ്ചു പെണ്ണുങ്ങൾ വട്ടം കൂടി .
സകല വിശുദ്ധർക്കും
ലുത്തിനിയാ ചൊല്ലി.
ഒരുമിച്ചിരുന്നവർ കഞ്ഞി കുടിച്ചു.
രണ്ടു തഴപ്പായിൽ അവർ ഒന്നിച്ചു കിടന്നു.
എവിടെയുമില്ലാത്തൊരു സമാധാനം
അവർക്കു ചുറ്റും നിറഞ്ഞു.
അവർ അവർക്കു തന്നെ
കാവൽ നിന്നു.

No comments:

Post a Comment