Friday, August 31, 2018

ശൂന്യം

മരണം മണക്കുന്ന പാതിരാകളിൽ
എനിക്കൊപ്പം കുന്തിച്ചിരുന്നവളേ
ഇന്നലെയൊരു ഉരുൾപൊട്ടലിൽ തറ താനേ കീറുകയും
നീ ഇല്ലാതാവുകയും ചെയ്ത നേരത്ത്
ആകാശം നെടുകെ  പിളരുകയും
നമ്മൾ  കാത്തിരുന്ന പ്രാവിൻകുഞ്ഞുങ്ങൾ
മിന്നലുകളാവുകയും ചെയ്തു.
നീയിപ്പോഴും എന്തെടുക്കുകയാണ്?

കല്ലറയിലെ സിമന്റ് മണക്കുന്ന തറകളിൽ
കഥകളുറങ്ങുന്നുവെന്നു പറയുകയും
കാച്ചെണ്ണയുടെ ഗന്ധത്തിൽ,
സ്വയം കഥകളാവുവുകയും ചെയ്തവളേ
ഇരുണ്ട മലവെള്ളപ്പാച്ചിലിൽ
നക്ഷത്രങ്ങൾ പോലും ഒലിച്ചു പോവുകയും
നമ്മൾ  നിന്നിടം ശൂന്യമാവുകയും ചെയ്തു.
നീയിപ്പോഴും എവിടെയാണ്?

അത്രമേൽ ഇവിടം ശൂന്യമാണ്
അത്രമേൽ....................

Thursday, August 30, 2018

ഇടം

എനിക്ക് വേണ്ടി
കറുത്ത കുപ്പായങ്ങൾ തുന്നിയവനേ,
ഒഴിഞ്ഞ തോൽക്കുടങ്ങളിൽ 
എന്നെയുരുക്കി നിറച്ചവനേ 
ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക് 
എനിക്കൊരു ഹവ്വായുണ്ടെന്ന് പറഞ്ഞവനേ 
പറുദീസാ പോലൊരു അടുക്കളത്തോട്ടത്തിൽ 
മള്ബറിയുടെ വീഞ്ഞുമായി 
സർപ്പം നിന്നെ കാത്തിരിക്കുമ്പോൾ 
കാറും കോളുമുണ്ടാവും 
എന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്ന കടലുകളിൽ 
നമുക്ക് വള്ളങ്ങളുണ്ടാക്കാം. 
ഒരു തിര പോലും താങ്ങാനാവാതെ 
കടലിന്റെ ആഴങ്ങളിൽ മെല്ലെയില്ലാതാവുമ്പോൾ 
മുങ്ങി മറന്ന കപ്പലുകളിലൊന്നിൽ 
ഞാൻ നിനക്കൊരു പറുദീസാ കാട്ടിത്തരും.
ചെകിളകൾ മുളച്ചു മത്സ്യമായി രൂപാന്തരപ്പെടുന്ന ആ നേരം 
മീനുകൾ ചുംബിക്കുന്നതെങ്ങനെ എന്ന് 
ആദ്യമായി നമ്മളറിയും..