Wednesday, November 30, 2016

പിന്നോട്ട്

ഉന്മാദമാണ്.
ഉന്മാദനങ്ങളിലുന്മാദം.
ഇന്നലെ സ്വപ്നങ്ങളിൽ
നിന്നിറങ്ങി
ഒരോട്ടം.
പിന്നോട്ട്
പിന്നോട്ട് പിന്നോട്ട്
ഒരുപാച്ചിൽ.
മലയും കുന്നും
പുഴയും കൈത്തോടും
വർഷങ്ങളും കടന്ന്
ഗര്ഭപാത്രത്തിലേക്കുള്ള
കുതിപ്പിലേക്ക്.
കൂടെ കുതിച്ച
ഭ്രൂണങ്ങളിലേക്ക്.
പിന്നിലേക്കങ്ങനെ
പിറവിയില്ലായ്മയിലേക്ക്.

Monday, November 28, 2016

മരിച്ചടക്കുകൾ ഇല്ലാത്തൊരിടം

മരിച്ചടക്കുകൾ
ഇല്ലാത്തൊരിടം.
പൂവുകൾ പോലെ
ഇലകൾ പോലെ.
കൊഴിഞ്ഞു കൊഴിഞ്ഞു
അടർന്നടർന്ന്....
നീയേത്
ഞാനേത്
പൂവേത്
പുഴയേത്
എന്നറിയാത്തൊരു ലോകം.



നവംബറിന്റെ നഷ്ടം

ചുവപ്പെന്ന് അവൻ
ഫിദൽ എന്നവൾ.
പ്രണയമെന്നു വീണ്ടുമവൻ
കാസ്ട്രോ എന്ന്
വീണ്ടുമവൾ.

********************

ഫിദൽ
പ്രീയപ്പെട്ടവനേ
ഒരു രാജ്യത്തെ ചുമന്നവനേ
ഒരു ജനതയെ ചങ്കിലേറ്റിയവനേ
എത്ര ഹൃദയങ്ങളാണ്
നിന്നെ ചുമക്കുന്നത്.

*************************

ചുവപ്പിച്ചു ചുവപ്പിച്ചു
ചങ്കിൽ ചോര നിറച്ചവൻ

***************************

ഓരോരോ കാലടികളിൽ
ചിതറിക്കിടപ്പാണ്
എന്റെ പ്രണയം.
ഒന്ന്
ഫിദൽ
നിന്റെ
പുകച്ചുരുളുകളിലും.
വിപ്ലവത്തിലും

******************************

ഫിദൽ ഇല്ലായിരുന്നുന്നുവെങ്കിൽ....
ചങ്കിൽ
ഒരു ചുവപ്പ് കുറയുമായിരുന്നു.
ഒരു പ്രണയം കുറയുമായിരുന്നു.

*****************************


Tuesday, November 22, 2016

എന്റെ മണമേ

എന്റെ മണമേ...
എന്തിനാണിങ്ങനെ
ഓർക്കാപ്പുറത്ത് കേറി വന്ന്
ഒറ്റ ഇരിപ്പിലെന്നെ
അടുക്കളപ്പുറത്തെത്തിക്കുന്നത്?
ഓർമ്മയിലിങ്ങനെ നിൽപ്പാണ്
നല്ലസ്സൽ മീൻ പറ്റിച്ചതിന്റെ
ചട്ടിയും നക്കി
അവസാനത്തെയാ
കുടംപുളിയും മുളകും കടിച്ച്
പെണ്ണൊരുത്തി.  

Saturday, November 19, 2016

കഥകൾ

കഥകളുറങ്ങുന്നിടത്ത്
കുട്ടികൾ ഉണർന്നിരിക്കുകയും
മുത്തശ്ശിമാർ വാചാലരാവുകയും
നിലാവ് കൂട്ടിരിക്കുകയും
ചെയ്യുന്നു.

കഥകളുണർന്നിടത്ത്
മതമുണരുകയും
ചരിത്രം സൃഷ്ടിക്കപ്പെടുകയും
നിലാവ് മയങ്ങുകയും
ചെയ്തു. 

Tuesday, November 15, 2016

തിയോ

തിയോ
പ്രീയപ്പെട്ടവനേ..
നീ ഇല്ലായിരുന്നുവെങ്കിൽ
എന്റെ വിഭ്രാന്തിയും പ്രണയവും
ചിന്തയിലെ തിരകളും
ഉണ്ടാകുമായിരുന്നില്ല.
അത്രമേൽ
വാന്ഗോഗിനെ സ്നേഹിച്ചവനേ,
ഒരുവേള
നീയവനെ വെറുത്തിരുന്നെങ്കിൽ
ഇന്നും
ഭ്രാന്തിന്റെ നിറമറിയാതെ
ഉന്മാദത്തിന്റെ ഗന്ധമറിയാതെ
മഞ്ഞയും ചുവപ്പുമറിയാതെ
അവന്റെ കൽക്കരികളിലൊന്നായി
ഞാനും മടങ്ങുമായിരുന്നു.
നിനക്ക്.
ഉന്മാദത്തിന്റെ ഉമ്മകൾ 

പൂന്തോട്ടം നിർമ്മിക്കുന്നവൾ

അടുക്കളയിൽ നിന്നിറങ്ങി 
അവളൊരു പൂന്തോട്ടം തീർത്തു.
വല്യമ്മച്ചി പറഞ്ഞ 
ഏദൻ തോട്ടം മാതിരിയൊന്ന്.
പിന്നീട് മുറ്റത്തൊന്ന്,
പടിപ്പുരയിലൊന്ന്,
ഉമ്മറത്തൊന്ന്,
അടുക്കളവാതിൽക്കലൊന്ന്.
അവൾക്കൊരു മുറിയില്ലാത്തതിനാൽ 
അവിടെ മാത്രം 
ഒന്നുണ്ടായില്ല. 
ഉണ്ടായിടത്തൊക്കെയും നടുവിൽ 
അവളൊരു മരം നട്ടു.
ഓരോരോ തവണയായി 
അവൾക്കു തൂങ്ങി മരിക്കുവാൻ  

Tuesday, November 8, 2016

പേന

സഹപ്രവർത്തകാ,
ചങ്കു കൊണ്ടുപോയാലും
കുറ്റമില്ലെന്റെ
പേന കൊണ്ടുപോകരുത്
പാർക്കറാണ്.
ആരും തന്നതല്ല
തനിയെ വാങ്ങിയതാണ്