Saturday, December 19, 2020

പ്രതീക്ഷ

എത്ര പ്രാർത്ഥനകളുണ്ടാവും?!
ഇങ്ങനെയിങ്ങനെ
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ,
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."
എത്ര പ്രാർത്ഥനകളുണ്ടാവുമിങ്ങനെ?
അങ്ങനെ പ്രാർഥിച്ചു വരുമ്പോൾ 
അയാൾ ഒന്നു തലോടും 
അതുമല്ലെങ്കിൽ 
ഒന്ന് ചിരിക്കും.
പ്രാർഥനകൾക്കന്ത്യമാകും 
പ്രാർത്ഥിച്ചതോർത്തു പശ്ചാത്താപമാകും.
കണ്ണുകളുരുണ്ടുകൂടും.
കപ്പേളയ്ക്കു മുന്നിൽ
പരിഹാരത്തിൻ്റെ മെഴുതിരികളുരുകും. 

അപ്പോഴാണയാൾ
തലങ്ങം വിലങ്ങം ചീത്ത വിളിക്കുക.
എന്തിനെന്നയാൾക്കോ
മറ്റുള്ളവർക്കോ തിരിയാതെ 
അയാൾ മുഴുക്കെ തെറി വിളിക്കും.
ചിലപ്പോൾ ചൂലോ വിറകോ എടുത്തെറിയും.
വീങ്ങിയ മോന്തയുമായി വീണ്ടും പ്രാർഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

പിറ്റേന്നയാൾ
കല്ലടമുട്ടിയും വരാലുമായി വീടു കയറും.
കുടംപുളിയിട്ട് ചേർത്ത് കഴിക്കാൻ
ഒരു മൂട് കപ്പയും കരുതും.
വെട്ടാനും വേവിയ്ക്കക്കാനും ഒപ്പം കൂടും.
ഇന്നലെയെ എങ്ങനെയാണ് ഇങ്ങനെ മറക്കുന്നതെന്നോർക്കുമ്പോൾ
അയാൾ അടുത്ത കുപ്പി തുറക്കും
"നീയൊന്നും പഠിക്കേണ്ടടി" എന്നാക്രോശിക്കും.
പുസ്തകങ്ങൾ തെങ്ങുംചുവട്ടിലോ
കോഴിക്കൂടിൻ്റെ മറവിലോ ചെന്നു വീഴും.
ആക്രോശങ്ങൾക്കു നടുവിൽ നിന്നുകൊണ്ട്
വീണ്ടും പ്രാർത്ഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ 
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

അങ്ങനെ പ്രാർത്ഥിക്കുമ്പോൾ
അയാൾ നിലാവത്തിറങ്ങിപ്പോവും.
നിലാവെളിച്ചത്തിൽ
വീണ്ടും മരണപ്രതീക്ഷകളുയരും.

ഇങ്ങനെ
എത്രെയെത്ര പ്രതീക്ഷകളാണ് ?!
എണ്ണമില്ലാതെ
അന്ത്യമില്ലാതെ
"അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
......."