Wednesday, December 18, 2024

പോക്ക്

 ഒരുദിവസം പെട്ടെന്നാണ്

അവൾക്ക് ഭ്രാന്ത് വന്നത്.

അങ്ങനെയാണ് എല്ലാവരും പറഞ്ഞത്.

പെട്ടെന്നവൾ ഇറങ്ങിപ്പോയെന്ന്.


കഞ്ഞിയിടാൻ നിൽക്കാതെ

പരപരാ വെളുപ്പിനെ

അവൾ അശോകൻ ടാകീസിന്റെ മുന്നിലെത്തി .

"വെളുപ്പിനെ എന്നാ പടമില്ലാത്തെ?

ഒണ്ടാരുന്നേൽ കഞ്ഞി ഇട്ടേച്ചും തിളയ്ക്കുന്ന നേരം

ഇവിടെ വന്നിരിക്കാരുന്നു "

ഇരുട്ടിന്റെ മറവിൽ അവൾ പറഞ്ഞത് കേൾക്കാൻ

അവിടെ ആരും ഉണ്ടായിരുന്നില്ല .  

തിരികെ എത്തിയ അവൾ മുറ്റമടിച്ചില്ല .  

കട്ടനിട്ട്

മുറ്റത്തേക്കിറങ്ങി

പത്രക്കാരനെ നോക്കി നിന്നു.

പാഞ്ഞു വന്ന പത്രം വായുവിൽ പിടിച്ചെടുത്ത്

തലക്കെട്ടുകൾ വായിക്കവെ 

പള്ളിമണിയടിച്ചു.

പിള്ളേരെ വിളിച്ചില്ല

കൂട്ടാനുമാക്കിയില്ല.

മുറ്റത്തെ ചെമ്പരത്തിയിലകളും

പൂവും പൊട്ടിച്ച്

അവൾ താളിയുണ്ടാക്കി.

മുൻവശത്തെ വാതില്പടി തുറന്നിട്ട്

വഴിയിലേക്കിറങ്ങി.

മരിച്ചുപോയ മൂത്താശാൻറെ ആശാട്ടി

വെളുക്കനെ അവളെ നോക്കി ചിരിച്ചു .  

"ഒടുവിൽ ഇറങ്ങി അല്ലേ"

എന്നൊരു ചോദ്യവും .

അവൾ ചിരിച്ചു.

പൊട്ടിച്ചിരിക്കാനാണ് തോന്നിയത്

ശബ്ദം വന്നില്ല .  

പല്ലുകൾ പോലും പുറത്തുകണ്ടില്ല.

പക്ഷെ കണ്ണുകൾകൂട്ടി ഇറുകിയമാർന്നൊരു

സുന്ദരച്ചിരി.

ഇറച്ചിക്കടയുടെ ഓരംചേർന്നു നടന്ന്  

കൂട്ടുകാരി സൗദാമിനിയുടെ വീട്ടിൽ ചെന്ന്

തിണ്ണയിൽ മലർന്നു കിടന്നു.  

കെട്ട്യോനും പിള്ളേരും തലങ്ങും വിലങ്ങും തിരക്കി

പൊട്ടക്കിണറ്റിലും ആറ്റിലും തപ്പി

പ്രത്യേകിച്ചൊരു പോക്കെടമില്ലാത്തതിനാൽ

വീടുകളിലെവിടെ തപ്പണം

എന്നാർക്കും ഊഹിക്കാൻ പോലുമായില്ല.

പുറത്തിറങ്ങാൻ നേരംപോയ കോഴികൾ

കൂക്കി വശായി

ഉമ്മറത്തെ പാലുംകുപ്പി അടുക്കളപ്പുറത്ത് എത്തിയെങ്കിലും

പ്രഭാതം കട്ടനിലൊതുങ്ങി.

കുട്ടികൾക്ക് സ്കൂൾ മുടങ്ങി

അയാൾക്ക്‌ പണിയും മുടങ്ങി.

വേലിയ്ക്കും തൊടിയ്കും കിണറിനുമപ്പുറം

അവൾ എവിടേയ്ക്ക് പോയിരിക്കാമെന്ന്

അവർ അത്ഭുതപ്പെട്ടു  


സൗദാമിനിയുടെ തിണ്ണയിൽ

അവൾ മലർന്നു കിടന്നു .

കൂടെ സൗദാമിനിയും.

ഉടുതുണിയുടെ ഭാരം മാത്രം

അതവൾക്കിഷ്ടപ്പെട്ടു.

ഉത്തരത്തിൽ ചിലതികൾ

പുതിയ വലകൾ നെയ്യുന്നു .

നെയ്തിട്ടും നെയ്തിട്ടും പഴയത് തന്നെ.

ഒരേ മാതിരി 

അതേ മാതിരി.

അവൾ തിരികെ നടന്നു

ആൾക്കൂട്ടം വക വയ്ക്കാതെ

വീട്ടിലേക്കു കയറി

ഉമ്മറപ്പടിയിൽ കുന്തിച്ചിരുന്നു .  

അല്പനേരത്തിനു ശേഷം

കട്ടൻ പാൽ കാപ്പിയായി.

കോഴികൾ ശാന്തരായി.

ആളുകൾ പിരിഞ്ഞു പോയി .  

പിന്നീട് തോന്നിയപ്പോഴൊക്കെ അവൾ

പോവുകയും വരികയും ചെയ്തു

Monday, September 30, 2024

പ്രാർഥനകൾ

"എന്തൊരു വെയിലാണ്!
അല്പമെങ്കിലും മഴ പെയ്തിരുന്നെങ്കിൽ" 
കണ്ണടച്ചു വിയർപ്പുതുള്ളികൾ തുടയ്ക്കുമ്പോഴേയ്ക്കും 
കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായി.
ട്രാഫിക് സിഗ്നലിൽ വിയർപ്പുതുടച്ച് 
മാനത്തേക്ക് നോക്കി 
കാർമേഘങ്ങളെക്കണ്ട് അമ്പരന്ന് 
പിന്നിലെ കുഞ്ഞിനെനോക്കി 
അവൾ തമ്പുരാനെ പരതുന്നു.
"ദൈവമേ കുഞ്ഞിനെ നനയ്ക്കരുതേ". 



എന്ത് ചെയ്യണമെന്നറിയാതെ 
ദൈവം ദൈവത്തെ വിളിക്കുന്നു.

Wednesday, May 15, 2024

നമ്മൾ

ഒന്നമർത്തി മൂളിയാൽ  
പൊടിഞ്ഞു പോവുന്നത്ര നേർത്തിരിക്കുന്നു
ആത്മാവിൻ്റെ ഇരുമ്പു ചട്ടകളെന്ന്
ഇനിയുമെങ്ങനെ ഞാൻ പറയും.
ഒരു ചുംബനം കൊണ്ട് ശരിയാവുന്ന ദൂരത്തിൽ നിന്നും
നമ്മളെത്രയോ അകന്നു കഴിഞ്ഞിരിക്കുന്നുവെന്നും 
നിശ്വാസങ്ങൾ പോയിട്ട് 
മൗനവും ശകാരങ്ങളുംപോലും 
തിരിച്ചറിയാതെയായിരിക്കുന്നുവെന്നും 
എങ്ങനെ പറഞ്ഞു മനസിലാക്കും.

എഴുതാൻ മറന്ന കവിതകളൊക്കെ
എന്നെ ശകാരിക്കുകയാണ്.
നഷ്ടമായത് കവിതകളല്ല 
പ്രണയമാണെന്ന് പറഞ്ഞുകൊണ്ട്.

ഒരാൾക്കും
ഒന്നു തൊടാൻ പോലുമാവാത്ത വിധം
ഹൃദയം നേർക്കുകയും 
നേർത്തുനേർത്തു വെള്ളിനൂലുകൾ കണക്കെ 
ഇടതടവില്ലാതെ പെയ്യുകയും 
ശൂന്യമാവുകയും ചെയ്തിരിക്കുന്നു. 

ഇനിയുമെങ്ങനെയാണ് 
ഞാൻ നിന്നെ പ്രണയിക്കുക?
ഇനിയുമെങ്ങനെയാണ് 
നിനക്ക് ഞാനെന്റെ പ്രാണൻ നൽകുക?
ഇനിയുമെങ്ങനെയാണ് 
നമ്മളാവുക.



Monday, April 1, 2024

പ്രാർത്ഥന

മുഷിഞ്ഞ പുറംചട്ടയുള്ള പുസ്തകത്തി -

ലൊരുവൾ ജീവിതം കുറിക്കുന്നു.

പരിഭവങ്ങളുടെ പെരുമഴയിൽ

അക്ഷരങ്ങളൊലിച്ചു പോവുന്നു.

റാന്തൽ വിളക്കിൻ്റെ വെട്ടത്തിൽ

ഈയലുകളാർത്തുവരുന്നു.

പൊന്നുതമ്പുരാനേ

കാരുണ്യവാനേ

ഇനിയുമെങ്കിലും നീയെന്നെ

മരിയ്ക്കാനനുവദിക്കേണമേ.

കനം വെച്ച കൺപോളകളിൽ നിന്നും

വിടുതലേകണമേ.

പൊന്നുതമ്പുരാനേ

കാരുണ്യവാനേ

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ

നീയെന്നെയൊരു സർപ്പമാക്കേണമേ.

മരുഭൂമിയിൽ മണ്ണിൽ പുതയുന്നൊരു സർപ്പം.


Wednesday, December 8, 2021

തലമുറകൾ

ആദ്യമാദ്യം സങ്കടം

കടലുപോലെയായിരുന്നു

തിരകളും

ചുഴികളും

കാറും കോളുമായി 

ആർക്കുമാർക്കുമാശ്വസിപ്പിക്കാനാവാത്ത വിധം

അതികഠിനമായ ദുഃഖം.

അമ്മയുടെ കണ്ണീരിനൊപ്പം 

അതിഭീകമായി ഒഴുകിയ 

കണ്ണീർ ചാലുകൾ.


പിന്നെപ്പിന്നെ

അമ്മയക്കൊപ്പം

ഒരു തേങ്ങലായി


അതിനും പിന്നെയത്

നെടുവീർപ്പായി


ഇപ്പോൾ അമ്മ കരയുമ്പോൾ

ഒന്നും തോന്നാറില്ല.

ഞാൻ കരയുമ്പോൾ, രണ്ടു വയസുകാരി

എനിക്കൊപ്പം

ഭീകരമായി കണ്ണീർ വാർക്കാറുണ്ട്.


 



Friday, August 6, 2021

എളേമ്മ

 എളേമ്മ മരിച്ചന്നുരാത്രി
ആരോടും പറയാതെ 
അമ്മിയും അരകല്ലും  ഇങ്ങുകൊണ്ടുപോന്നു.
എളേമ്മയല്ലാതെ മറ്റാരുമറിഞ്ഞില്ല.

അരകല്ലിൻ്റെ അരികിൽത്തന്നെ നിൽക്കുവാനേ
കഴിയുമായിരുന്നുള്ളു.
വീണ്ടും വരുമെന്ന് തോന്നി
മുളക്ചുട്ട്
ഉപ്പ് വിതറി
ചുവന്നുള്ളിയും പുളിയും ചേർത്തരയ്ക്കാൻ
ഒരിയ്ക്കൽകൂടി വരുമെന്ന്.

"എളേമ്മ മരിച്ചാൽ
പിന്നെയാര് മുളക് ചുട്ടുതരും" എന്നോർത്തപ്പോഴൊക്കെ 
എളേമ്മ മരിക്കരുതേ എന്നാഗ്രഹിച്ചിരുന്നു.
കൂട്ട് മനപ്പാഠമാക്കിയിട്ടും
രുചി വരുന്നില്ലെടിയേ
എന്ന് പറഞ്ഞ്, 
എത്രയെത്രേപേര്
ആ അടുക്കളപ്പുറത്ത് വയറ് നിറച്ചു.
അങ്ങനെയങ്ങനെ
വന്നവർക്കൊക്കെ മുളക് ചുട്ട് 
കഞ്ഞി വാർത്ത് 
മോരുകലക്കി 
കാപ്പിയിട്ട് 
തുണിയലക്കി 
വെള്ളം തിളപ്പിച്ച് 
ഒരിക്കൽ എളേമ്മയങ്ങു ഇല്ലാണ്ടായി.
********************************************
എളേമ്മ മരിക്കുക ഇങ്ങനെയാവുമെന്നും
തേഞ്ഞു തേഞ്ഞു 
ഒരു സോപ്പുകുമിള മാത്രമാവുമെന്നും ആലോചിച്ചിരിക്കെ
എളേമ്മയുടെ വിളി വരുന്നു.
പാതി മാത്രം കേൾക്കുന്ന
പഴഞ്ചൻ ഫോണിലൂടെ
ഒരു പതിഞ്ഞ നിലവിളി.
മാത്തപ്പൻ പോയെന്ന് .
ഇനിയെനിക്കാരാണെന്ന് .
ഞാനെന്തിനാണെന്ന് .

കവിത നിർത്തുകയാണ്
ചുട്ട മുളകിൻ്റെ മണം.

അമ്മിയുമരകല്ലുമായി
തേഞ്ഞ് തീരാത്തയൊന്ന്
എളേമ്മ മാത്രമാണ്.
മുളക് ചുടലുകളും
******************

Saturday, December 19, 2020

പ്രതീക്ഷ

എത്ര പ്രാർത്ഥനകളുണ്ടാവും?!
ഇങ്ങനെയിങ്ങനെ
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ,
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."
എത്ര പ്രാർത്ഥനകളുണ്ടാവുമിങ്ങനെ?
അങ്ങനെ പ്രാർഥിച്ചു വരുമ്പോൾ 
അയാൾ ഒന്നു തലോടും 
അതുമല്ലെങ്കിൽ 
ഒന്ന് ചിരിക്കും.
പ്രാർഥനകൾക്കന്ത്യമാകും 
പ്രാർത്ഥിച്ചതോർത്തു പശ്ചാത്താപമാകും.
കണ്ണുകളുരുണ്ടുകൂടും.
കപ്പേളയ്ക്കു മുന്നിൽ
പരിഹാരത്തിൻ്റെ മെഴുതിരികളുരുകും. 

അപ്പോഴാണയാൾ
തലങ്ങം വിലങ്ങം ചീത്ത വിളിക്കുക.
എന്തിനെന്നയാൾക്കോ
മറ്റുള്ളവർക്കോ തിരിയാതെ 
അയാൾ മുഴുക്കെ തെറി വിളിക്കും.
ചിലപ്പോൾ ചൂലോ വിറകോ എടുത്തെറിയും.
വീങ്ങിയ മോന്തയുമായി വീണ്ടും പ്രാർഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

പിറ്റേന്നയാൾ
കല്ലടമുട്ടിയും വരാലുമായി വീടു കയറും.
കുടംപുളിയിട്ട് ചേർത്ത് കഴിക്കാൻ
ഒരു മൂട് കപ്പയും കരുതും.
വെട്ടാനും വേവിയ്ക്കക്കാനും ഒപ്പം കൂടും.
ഇന്നലെയെ എങ്ങനെയാണ് ഇങ്ങനെ മറക്കുന്നതെന്നോർക്കുമ്പോൾ
അയാൾ അടുത്ത കുപ്പി തുറക്കും
"നീയൊന്നും പഠിക്കേണ്ടടി" എന്നാക്രോശിക്കും.
പുസ്തകങ്ങൾ തെങ്ങുംചുവട്ടിലോ
കോഴിക്കൂടിൻ്റെ മറവിലോ ചെന്നു വീഴും.
ആക്രോശങ്ങൾക്കു നടുവിൽ നിന്നുകൊണ്ട്
വീണ്ടും പ്രാർത്ഥനയാരംഭിക്കും.
"അയാൾ മരിക്കേണമേ 
അയാൾക്കും മറ്റുള്ളവർക്കും നല്ലതാവാൻ
അയാൾ മരണപ്പെടണമേ
ഇനിയൊരു രാത്രികൂടി കടന്നു പോവാതെ 
ഈ മനുഷ്യനെയും ഞങ്ങളെയും സ്വതന്ത്രരാക്കേണമെ."

അങ്ങനെ പ്രാർത്ഥിക്കുമ്പോൾ
അയാൾ നിലാവത്തിറങ്ങിപ്പോവും.
നിലാവെളിച്ചത്തിൽ
വീണ്ടും മരണപ്രതീക്ഷകളുയരും.

ഇങ്ങനെ
എത്രെയെത്ര പ്രതീക്ഷകളാണ് ?!
എണ്ണമില്ലാതെ
അന്ത്യമില്ലാതെ
"അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
അയാൾ മരിക്കേണമേ 
......."

Tuesday, November 10, 2020

അഞ്ചു പെണ്ണുങ്ങൾ

മറിയാമ്മ ചേട്ടത്തിക്ക് 
മക്കൾ നാലാണ്.
അവർ നാലും വിശുദ്ധരല്ല.
നാലാമത്തെയവളെ
ത്രേസ്യ പുണ്യാളത്തിയെന്നാണ്
നാട്ടാര് വിളിക്കുന്നെ പോലും.
എന്നാലുമവളും വിശുദ്ധയല്ല.

ഒന്നാമത്തെയവള്
നാട്ടാരെ തെറി പറയുംപോലും.
ശരിയാണ്,
മുട്ടയാറും മുന്നേ
കൊഴിരണ്ട് കളവുപോയയന്ന്
വേലിക്കല് നിന്ന് 
അവൾ പരക്കെ തെറി വിളിച്ചിരുന്നു. 
കളവ് പോയ പൂവൻകുലയ്ക്കും,
കുറഞ്ഞു പോയ കൂലിക്കും,
ഏച്ചു കെട്ടിയ വേലി കിടുങ്ങുമാറുറക്കെ
ആവൾ തെറി വിളിച്ചിരുന്നു.

"ഇതേ വേലി ചാടിയല്ലയോടി
അനിയത്തിയിരുത്തി 
അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയെ?"
എന്ന ചോദ്യത്തിന്
നിങ്ങൾക്കെന്നാ ഇത്ര ചേതമെന്ന് ചോയിച്ച്
അവള് ഭൂമി ചവിട്ടിക്കുലുക്കി.

രണ്ടാമത്തെയവൾ
മുന്നേ പറഞ്ഞപോലെ
ഒരുത്തനൊപ്പം ഇറങ്ങിപ്പോയി പോലും.
രണ്ടൂസം കഴിഞ്ഞ്
അവള് തിരിച്ചും പോന്നു.
പെണ്ണായാൽ പാടുള്ള കാര്യമാണോ? 
നാട്ടാര് നാട്ടാര്
പിള്ളേർടമ്മയെ കണക്കിന് ദോഷം പറഞ്ഞു
''അപ്പൻ്റെ പിടിപ്പുകേട്,
അല്ലാതെന്നാ?
ചുമ്മാതെയാണോ അങ്ങേര് തൂങ്ങിച്ചത്തത് "
മത്തായി മാപ്പിള
തെമ്മാടിക്കുഴിയിൽ
സ്വസ്ഥമായുറങ്ങി.
ഇടയ്ക്കിടെ പുള്ളി ചിരിക്കുവേം ചെയ്തു

മൂന്നാമത്തെയവള് എന്നാ പോക്കണം കേടാ കാണിച്ചേന്നോ !
പകലെന്നില്ല
അന്തിയെന്നില്ല.
നാടകം കളിക്കുന്നു.
പള്ളിപ്പമ്പില്, അമ്പലപ്പറമ്പില്
റോട്ടിനു നടുക്കും വരെ.
അപ്പനില്ലാത്ത പെണ്ണുങ്ങടെ തോന്ന്യാസം.

നാലാമത്തെ വിശുദ്ധ കന്യാസ്ത്രീയാരുന്നു.
ഒരൂസം അവളിങ്ങ് വീട്ടീപ്പോന്നു.
നാട്ടാർടെ തുണിതയ്ക്കാൻ തുടങ്ങി.
തുണിക്കെട്ടുകളോരോന്നും 
വന്നപ്പോഴും പോയപ്പോഴും
ത്രേസ്യ പുണ്യാളത്തിയെന്ന് വിളിച്ച്
ഉറിച്ചിരിച്ചു.

വൈകുന്നേരം 
അഞ്ചു പെണ്ണുങ്ങൾ വട്ടം കൂടി .
സകല വിശുദ്ധർക്കും
ലുത്തിനിയാ ചൊല്ലി.
ഒരുമിച്ചിരുന്നവർ കഞ്ഞി കുടിച്ചു.
രണ്ടു തഴപ്പായിൽ അവർ ഒന്നിച്ചു കിടന്നു.
എവിടെയുമില്ലാത്തൊരു സമാധാനം
അവർക്കു ചുറ്റും നിറഞ്ഞു.
അവർ അവർക്കു തന്നെ
കാവൽ നിന്നു.

Monday, November 9, 2020

ഹൃദയമേ നിനക്കെത്ര വാതിലുകളാണ്!

എത്ര മുട്ടിയാലും
തുറക്കാത്ത വീടുകളുണ്ട്.
വാതിൽക്കലെത്തി ആവേശപൂർവ്വം കാത്തിരിക്കാമെങ്കിലും
അവ ഒരിക്കലും തുറക്കപ്പെടുകില്ല.
ഹൃദയത്തിൻ്റെ അരികു ചേർത്ത്,
വിള്ളലുകളിലൂടെ,
അല്പ്പാല്പ്പം അകം കാണുംവിധം
ചേർത്തടച്ചിരിക്കും.
കുത്തിയിരിക്കാം
പുറത്ത് ചുമ്മായിങ്ങനെ.
തണുപ്പത്ത്
വെയിലത്ത്
മഴയത്ത്.
വീണ്ടും വീണ്ടും 
വിള്ളലുകളിലൂടെ അകം കാണാം.
അകത്ത് ചിരിയും ചിന്തയും കേൾക്കാം
ഞരക്കവും കരച്ചിലും കാണാം.
ഇന്നല്ലെങ്കിൽ നാളെ എന്നവണ്ണം
വിടവുകൾ 
നമ്മെയിങ്ങനെ കണ്ണുകാട്ടും.


എത്ര ഒച്ചവെച്ചാലും
കേൾക്കാത്ത വാതിലുകളുണ്ട്.
ഒരു വട്ടം മാത്രമെന്ന് കെഞ്ചിയാലും
തുറക്കപ്പെടാത്തവ.
തുറന്നാൽത്തന്നെ
അതിവേഗം കൊടിയടയ്ക്കപ്പെടുന്നവ.
അങ്ങനെയൊന്നിൽ തട്ടിത്തളർന്ന
ഒരു മനുഷ്യനെക്കണ്ടു.
അയാളുടെ ഹൃദയം പോലും
നരച്ചിരുന്നു.

എത്ര തുറന്നാലും
തുറക്കപ്പെടാത്ത വാതിലുകളുണ്ട്.
അവയൊന്നിൻ്റെ മുന്നിലാണ്
ഞാനിപ്പോൾ.
അകത്തു കടക്കാം
തോന്നുമ്പോൾ പുറത്തും.
സ്വീകരണമുറിയ്ക്കപ്പുറം
ഒന്നു തട്ടി വിളിക്കുവാൻ പോലും വാതിലുകളില്ലാതെ
ഇതെത്രാമത്തെ വാതിലാണ്!


Sunday, November 8, 2020

ഇനിയുമെന്താണ്?


ഇന്നലെക്കണ്ട ഒരുവൾക്ക് 

എന്തോ ഒരു കുറവുണ്ടായിരുന്നു.

കണ്ണുകളില്ലാത്തതുപോലെ

ഹൃദയം കറുത്തതുപോലെ 

അകം ശൂന്യമായതു പോലെ

പ്രണയം നഷ്ടമായതു പോലെ.

ഞാനവൾക്ക്

ബോബിയച്ചനെ നൽകി.

വാൻഗോഗിനെ നൽകി

അന്നയേയും ദസതയോവസ്കിയേയും നല്കികി.

അവൾ തിരികെ

റൂമിയേയും വീരാൻ കുട്ടിയേയും നൽകി.

നെരൂദയെയും ചുള്ളിക്കാടിനെയും പാടി.

ഇനിയുമെന്താണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഞാനവൾക്ക് അപുവിൻ്റെ ലോകം നൽകി.

അവൾ എനിക്ക് ആലീസിൻ്റെ അത്ഭുതലോകം

തിരികെ നല്കി.

ഒടുവിൽ ഞാനവൾക്ക് ചുംബനം നല്കി.

അവൾ തിരികെ വാരിപ്പുണർന്നു.

ഇനിയുമെന്താണെന്നിരിക്കെ

അവൾ ശൂനമായിക്കൊണ്ടേയിരുന്നു.

Saturday, July 18, 2020

അമ്മയുണ്ടാവുന്നു

സമയം രണ്ട് ഒൻപത് 
അപ്പോഴാണ് അമ്മയുണ്ടായത്
ആരും പറഞ്ഞില്ല
ആരും  അറിഞ്ഞതുമില്ല
അമ്മയുമറിഞ്ഞില്ല
അമ്മയ്ക്ക് ജാതകവുമുണ്ടായില്ല.

കുട്ടി വലിയവായിൽ കരഞ്ഞു
അമ്മയറിഞ്ഞില്ല 
കീറിയ വയറിലെ തുന്നലും 
അമ്മയറിഞ്ഞില്ല.
ഒന്നും അമ്മയറിഞ്ഞില്ല.
ശേഷം വേദനിക്കുമെന്നാരും പറഞ്ഞില്ല.
വേദനിച്ചതുമാരുമറിഞ്ഞില്ല.
 
ശരീരവും മനസും
വേദനിച്ചു മത്സരിച്ചുകൊണ്ടേയിരുന്നു.
ദിവസങ്ങൾ 
മാസങ്ങൾ 
അങ്ങനെയങ്ങനെ.
ആരും പറഞ്ഞില്ല 
അമ്മയറിഞ്ഞില്ല
ആരുമറിഞ്ഞില്ല  

കുട്ടി വാ വിട്ടു കരഞ്ഞു 
പിന്നെ ചിരിച്ചു 
കമഴ്ന്നു 
നീന്തി 
എണീറ്റു 
ലോകത്തോട് കുടു കുടാ ചിരിച്ചും കരഞ്ഞും മത്സരിച്ചു.

'അമ്മ എണീറ്റു 
പിച്ച വച്ചു 
ഉള്ളു നീറി 
കണ്ണ് നീറി 
മുലകൾ നിറഞ്ഞു കല്ലിച്ചു.
മിണ്ടാതെ മിണ്ടാതെ 
'അമ്മ ലോകത്തോട് മത്സരിച്ചു.
ആരും പറഞ്ഞില്ല 
ആരുമറിഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല.

കുട്ടിക്കമ്മയുണ്ടായി 
അച്ഛനുണ്ടായി 
അച്ഛമ്മയുണ്ടായി 
അച്ഛച്ഛനുണ്ടായി 
അങ്ങനെയങ്ങനെ 
വലിയ നിരയുണ്ടായി.
അമ്മയ്ക്കമ്മയുണ്ടായി 
കുട്ടിയുണ്ടായി 
നിരകളുണ്ടായില്ല 
ആരുമറിഞ്ഞതുമില്ല. 

നീണ്ട രാത്രികളിൽ കുട്ടി വാ വിട്ടു കരഞ്ഞു
ചിലപ്പോഴമ്മയും.
മറ്റുചിലപ്പോൾ വെളുക്കുവോളം 
കുട്ടി പുതപ്പുകൾ കൊണ്ട് ഭൂപടങ്ങളുണ്ടാക്കി 
അമ്മയാകട്ടെ 
അതിരുകൾക്കു കൂട്ടിരുന്നു 
അതിരുകൾ മാറിയും മറിഞ്ഞും വന്നു 
ചിലപ്പോൾ 'അമ്മ കുട്ടിയും 
കുട്ടി അമ്മയുമായി.
'അമ്മ വാ വിട്ടു കരഞ്ഞു 
കുട്ടി ഇറുകെപ്പിടിച്ചു.
ആരും പറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല
പിന്നെ പിന്നെ 
അമ്മയും പറഞ്ഞില്ല. 

വീണ്ടുമൊരമ്മയുണ്ടായി 
അരുമറിഞ്ഞില്ല 
ആരുംപറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല 

മരണം

മരിക്കുമെന്നുള്ള ഭയമല്ല, ആർക്കൊപ്പമടക്കുമെന്നുള്ള ഭയമാണ്. പള്ളിസെമിത്തേരിയിലെ പൊള്ളുന്ന തറയിൽ എങ്ങനെ കിടക്കുമെന്ന അങ്കലാപ്പാണ്. റബറിലകൾ മാത്രമുള്ള സെമിത്തേരി മണത്തോടുള്ള വെറുപ്പാണ്. ഇപ്പോൾ അസൂയ എന്റെ പുരയിടത്തിൽ മരിച്ച മുയലുംകുഞ്ഞുങ്ങളോടാണ്. കുഞ്ഞുങ്ങളൊരുക്കിയ കുഴിമാടത്തിൽ അലിഞ്ഞില്ലാതായി അവർ ഇലകളിലും പൂക്കളിലുമെത്തി. വല്യമ്മച്ചി ഇപ്പോഴും അഴുകിപൂർത്തിയാകാതെ പള്ളിസെമിത്തേരിയിൽ. എനിക്കവർക്കൊപ്പമെഴുകണം. മുയലുംകുഞ്ഞുങ്ങൾക്കൊപ്പം. അടുത്ത വേനൽക്കാലത്ത് ഒരായിരം വാകപ്പൂക്കളായി നിന്റെ നെറുകയിൽ ചുവന്നു പെയ്യണം. ചുവന്നു ചുവന്നു പെയ്യണം.

Monday, October 7, 2019

വിശുദ്ധ ചുംബനങ്ങൾ

ഒരുവളുണ്ട്.
മുറികളിലും മൂലകളിലും
ഇരുട്ടിലും സാരിത്തലപ്പിനിടയിലും
മുല കൊടുക്കുന്നവർക്കിടയിൽ
മുല കൊടുക്കാത്ത ഒരുവൾ.
ഇങ്ക, ഇഞ്ഞാഞ്ഞ, അമ്മിഞ്ഞ
എന്നീ പ്രയോഗങ്ങൾക്കിടയിൽ
നിറഞ്ഞ മാറിടങ്ങൾ മറച്ചുവയ്ക്കാൻ പണിപ്പെടുന്നവൾ.
ജനാലയ്ക്കരുകിൽ നിറയെ കുഞ്ഞു കുപ്പികൾ ഉള്ളവൾ.
മതിലിന്റെ ഇങ്ങേ മൂലയ്ക്ക് 
പൊട്ടിയ കുപ്പികളുടെ കൂമ്പാരമുള്ളവൾ 
ഉപയോഗിച്ചുപേക്ഷിച്ച നിപ്പിൾ ശേഖരമുള്ളവൾ.
ഞെക്കിപ്പിഞ്ഞി കരഞ്ഞ മുലകളിലെ
ഉറവവറ്റുന്നത് തൊട്ടറിയുന്നവൾ.
പാവം കഷ്ടം എന്ന ആവലാതികൾക്കിടയിൽ
ആവുന്നത്ര ലാക്ടോജൻ കുപ്പിയിൽ നിറയ്ക്കുന്നവൾ.
ഓരോ മുല കുടിക്കലും വിശുദ്ധ ചുംബനങ്ങൾ എന്ന്
വാഴ്ത്തുന്നവരുടെ ഇടയിൽ
കുടിച്ചു വറ്റിക്കാൻ പ്രാപ്തിയില്ലാത്ത ഒരു മകളുള്ളവൾ.

"പാവം കുഞ്ഞ്
ഭാഗ്യമില്ലാത്ത തള്ള  
കഷ്ടം കഷ്ടം " 

ഒന്നിനുമല്ലാതെ പരിതപിക്കുന്നവർക്കിടയിൽ
അവൾ വീണ്ടും കുപ്പി കഴുകി പാൽ നിറയ്ക്കുന്നു.
അമ്മിഞ്ഞയില്ലെങ്കിലെന്ത് 
അമ്മിഞ്ഞയില്ലെങ്കിലെന്ത്
എന്ന് സങ്കീർത്തനമുരുവിട്ടുകൊണ്ട്

# എന്റെ അമ്മിണിക്കുട്ടിയ്ക്ക് 
ഒരിയ്ക്കൽ പോലും മുലകുടിയ്ക്കാത്തവൾക്ക്