Wednesday, March 30, 2016

എന്റെ കല്ലറയില്‍ നിനക്കൊരെഴുത്ത്..

മരിച്ചത് ഞാനല്ല
എന്റെ പ്രണയമല്ല.
നിനക്ക് പ്രണയമില്ലതിരുന്നതിനാല്‍ തന്നെ,
നിന്റെ പ്രണയവുമല്ല.
നീ ഉറകൂട്ടിയ
നീ മാത്രം രുചിച്ച
നിന്റെ മാത്രം
കാമമാണ്‌..
എന്റെ ശരീരം മാത്രമാണ്.

Sunday, March 27, 2016

പ്രണയമല്ല..

പ്രണയമല്ല
ഇഷ്ടമാണ്.
ഇഷ്ടം മാത്രമാണ്.
എനിക്ക് വേണ്ടതും പ്രണയമല്ല,
ഇഷ്ടമാണ്,
ഇഷ്ടം മാത്രമാണ്.
താലിയല്ല,
ആ ഇഷ്ടത്തില്‍ വിരിയുന്ന നാല് ഭ്രൂണമാണ്.
അടുത്തടുത്തിരു കല്ലറകളാണ് .
അവക്കിടയിലൊരു വിടവാണ്.
ആ വിടവുകളിലൂര്‍ന്ന്‍
ഒരു ആല്‍മരമാവണം.
പക്ഷികള്‍ ചേക്കേറുന്ന
സര്‍പ്പങ്ങള്‍ ഇണ ചേരുന്ന
ഇഷ്ടമരം 

Saturday, February 13, 2016

ചെകുത്താന്‍ സമരത്തിലാണ്

ചെകുത്താന്‍ സമരത്തിലാണ്
ദൈവത്തോട്.
ദൈവം കരാറുകള്‍ ലംഘിക്കുന്നത്രേ.
നരകത്തേക്കാള്‍ വലിയൊരു നരകം
ദൈവം സൃഷ്ടിച്ചുവെന്ന്.
അവിടെ തങ്ങളേക്കാള്‍ വലിയ ചെകുത്താന്മാരെ
സൃഷ്ടിച്ചുവെന്ന്.
ഇപ്പോള്‍ കേട്ടു,
ദൈവവും സാത്താനും സഖ്യം ചെരുന്നെന്നു.
ലൂസിഫറിനെ മാലാഖാമാരുടെ ഗണത്തിലേക്ക്
തിരികെയെടുക്കുന്നെന്ന്.
നരകം നശിപ്പിക്കുന്നെന്ന്‍.
ഇനി മുതല്‍
സ്വര്‍ഗത്തില്‍ പാപം ചെയ്യുന്നവരെ
ഭൂമിയിലേക്ക് വിടുകയാണത്രേ.
രണ്ടാം നരകത്തിലേക്ക്.

Tuesday, February 2, 2016

ആവര്‍ത്തന വിരസത

"ആവര്‍ത്തന വിരസത" എന്ന് വേണ്ട
ആവര്‍ത്തനം മതി.
വിരസത കൂടെ വന്നുകൊള്ളും.
എന്തിന്റെയും ആവര്‍ത്തനം വിരസതയാണ്.
സ്നേഹത്തിനെ പോലും  

Saturday, November 14, 2015

പെണ്ണിന്റെ കണ്ണ്..

നീയൊരു വേട്ടക്കാരനാണ്
എന്റെ മാത്രം വേട്ടക്കാരന്‍.
എന്റെ മരണം കൊതിക്കാത്ത വേട്ടക്കാരന്‍.

നിനക്ക് പ്രിയം എന്റെ കണ്ണുകളോടായിരുന്നു.
അവ പെയ്തു തോരുന്നത് വരെ 
നീ അമ്പുകള്‍ എയ്തുപോന്നു.

ഇന്ന് നീ കാണുന്നില്ലേ
എന്റെ കണ്ണിനു കീഴിലേക്ക് നീ കോറി വരച്ച ചാലുകളില്‍ 
ജലം പടം പോഴിക്കുന്നതും 
അഗ്നി രൂപമെടുക്കുന്നതും..

വിഡ്ഢീ..
പെണ്ണിന്റെ കണ്ണുകള്‍ തുരക്കരുത്..
ആദ്യം നീ ജലം കാണും...
കണ്ണീരെന്നു ഓമനിച്ചു വിളിച്ചു തീരുമുന്പേ 
അവയില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടാവുകയും 
ഗര്‍ഭപാത്രത്തില്‍ എന്നകണക്കെ നിന്നെ വിഴുങ്ങി
ചുരുക്കി ചെറുതാക്കുകയും ചെയ്യും..

അപ്പോള്‍ നീ വേട്ടക്കരനല്ല..
അവളുടെ പോക്കില്‍ക്കൊടിയില്ലാതെ ജീവിക്കാനാവാത്ത
ഒരു ശിശു മാത്രമാണ്..   


Sunday, September 13, 2015

എന്നെ ഇല്ലാതാക്കിയവനേ.. നിനക്ക്

മനസുകള്‍ മുറിച്ചു വില്‍ക്കപ്പെടുന്നിടത്ത്
ഞാന്‍ അവന്റെ പേര് കണ്ടു..
ചോര ഇറ്റുവീഴുന്ന
ഒരു കള്ളന്റെപേര്.
നിന്റെ പേരിന്റെ അറ്റത്തു
എന്റെ മനസിന്റെ അലുക്കുകള്‍
കൊളുത്തിപ്പിടിച്ചിരുന്നു.
*
ചിന്തകള്‍ മുറിച്ചു വില്‍ക്കുന്നിടത്ത്
ഞാന്‍ അവന്റെ പേര് കണ്ടു.
ഒരു കൊലപാതകിയുടെപേര്.
കത്തി മുനമ്പില്‍
എന്നെ കുത്തിയിറക്കി
പ്രണയത്തിന്റെ ലഹരിയില്‍
ശ്വാസം മുട്ടിച്ചു കൊന്നവന്റെ പേര്.
അവശേഷിച്ച കത്തിപ്പിടിയില്‍
നിന്റെ ചിന്തകളെ ഞാന്‍
അപ്പോഴും പ്രണയിച്ചു.
*
പ്രണയത്തിന്റെ തെരുവില്‍
ഇന്ന് ഞാന്‍ നിന്റെ പേര് കണ്ടു..
അപ്പോഴേക്കും
നിന്നോട് ചെരാനാവത്തവിധം,
അലിഞ്ഞുംപുകഞ്ഞും അഴിഞ്ഞും
ഞാനില്ലാതായിരുന്നു.

എന്നെ ഇല്ലാതാക്കിയവനേ ...
നന്ദി

Thursday, April 23, 2015

വിഷം തിന്നു ജീവിക്കുന്ന സ്നോവയിറ്റുമാര്‍

പണ്ടു അമ്മ പറഞ്ഞുകേട്ട കുട്ടിക്കഥയിലെ
സ്നോവയിറ്റിനു കിട്ടിയതായിരുന്നു
വിഷം നിറച്ച അപ്പിള്‍.
ആ കഥയ്ക്ക് ശേഷം
ഞാനാപ്പിള്‍ കഴിക്കുമായിരുന്നില്ല.
പക്ഷെ
ഇപ്പോഴെനിക്ക്‌ ചിരി വരുന്നു.
അപ്പിള്‍ കഴിച്ചു
സ്നോവയിറ്റ് മരിച്ചതോര്‍ത്ത്.
വിഷം കഴിച്ചാല്‍
ആളുകള്‍ മരിക്കുമോ ??\
അങ്ങനെയെങ്കില്‍
ഞാനും നീയുമൊക്കെ സ്നോവയിറ്റുമാരാണ് ..
എന്നും വിഷം മാത്രം കഴിക്കുന്ന
സ്നോവയിറ്റുമാര്‍..
എന്നിട്ടും നമ്മള്‍ മരിക്കുന്നില്ല.

നമുക്കൊരുമിച്ചു
പുഴുക്കള്‍ കയറുന്ന,
മുഞ്ഞകള്‍ മുളക്കുന്ന,
പ്രാണികള്‍ കൂടുവയ്ക്കുന്ന
വിഷമില്ലാത്ത
ഒരാപ്പിള്‍ മരം നടാം.
ചിലപ്പോള്‍ അതിന്റെ നടുവില്‍
നാം മരിച്ചു വീണേക്കാം.
നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
സ്നോവയിറ്റുമാരല്ലേ...
ശുദ്ധമായത് കണ്ടു ശീലമില്ലാത്തവര്‍.
മുലപ്പാലില്‍
എന്ടോസള്‍ഫാന്‍ കലക്കുന്നവര്‍.
അതെ
നമുക്കൊരുമിച്ചു ഒരാപ്പിള്‍ മരം നടാം.
അതിന്റെ ചുവട്ടില്‍
ഒരു കബറിടവും.
അതില്‍ ഇങ്ങനെ എഴുതാം.
" വിഷമില്ലാത്ത അപ്പിള്‍ കഴിച്ചു മരിച്ച സ്നോവയിറ്റുമാര്‍
ചുംബനം കാത്തു കിടക്കുന്നു "

കഷ്ട്ടം..
എനിക്ക് വീണ്ടും ചിരി വരുന്നു..
വിഷം കഴിച്ചു മരിച്ച
സ്നോവയിറ്റിനെ ഓര്‍ത്ത്‌..
വിഷം തിന്നു ജീവിക്കുന്ന
നമ്മളെയോര്‍ത്തു...

Monday, April 13, 2015

വാകയരളികള്‍..

ഇനി ജനിക്കുമ്പോള്‍
നീയൊരു ചുവന്ന വാകയാവണം.
ഞാനൊരു മഞ്ഞയരളിയും.
'കാണാനാവുന്ന ദൂരത്ത്,
വേരുകള്‍ക്ക് ഇണചെരാനാവാത്തവിധം
നമുക്കകലങ്ങളിലായിരിക്കാം.
എന്റെ മഞ്ഞ നിന്നെ ഉന്മത്തനാക്കട്ടെ..
നിന്റെ ചുവപ്പെന്നെ കാമിനിയും.
വസന്തം പ്രണയമാകുന്ന രാവുകളില്‍
കൊഴിഞ്ഞു വീഴുന്ന പൂക്കളാല്‍
നമുക്ക് ചുംബിക്കാം..
മഞ്ഞയും ചുവപ്പും ഇണചേരുന്ന സന്ധ്യയില്‍
പ്രണയിക്കുന്ന വാകയരളികള്‍.. 

Friday, December 26, 2014

കാറ്റിനു 
മരിച്ച മരങ്ങളുടെ ഗന്ധം..
കാത്തിരിക്കൂ...
ഒരിക്കൽ, 
കാറ്റിനു ഗന്ധമേ ഉണ്ടാവില്ല ..
മരിക്കാൻ മരങ്ങളും

അതിജീവനം

ചരിഞ്ഞു നിന്ന വാകമരത്തിന്റെ 
ആരും ശ്രദ്ധിക്കാത്ത വിടവുകളിലാണ്‌ 
നീ നിന്നെ അടയാളപ്പെടുത്തിയത്.
ചിത്രപ്പണി ചെയ്യുംപോലെ.
ചിലപ്പോൾ തുന്നൽപ്പണി പോലെ. 
പിന്നെ നിന്നെയറിഞ്ഞത്
ഹോസ്റ്റൽ മുറിയുടെ
ഇരുണ്ട മൂലകളിലായിരുന്നു.
അമ്മ പറഞ്ഞു കേട്ടിടത്തോളം
ചേമ്പിലകളിൽ നിന്നു ചേമ്പിലകളിലേക്കും
മുരിക്കിൽ നിന്നു മുരിക്കിലേക്കും
നീ തുന്നൽപ്പണി ചെയ്തിരുന്നു.
ഇന്നലെ നീയത്
ലൈബ്രറി ഷെൽഫുകൾക്കിടയിലാക്കി.
സാരമില്ല.
മാറ്റമാനിവാര്യം, അതിജീവനത്തിനു.
കാഫ്ക്കയുടെ പരിണാമത്തിൽ കയറിക്കൂടിയവനേ.
ഇന്ന് നിനക്കിണങ്ങുന്നത്
ലൈബ്രറിഷെൽഫുകൾ തന്നെ.
# ചേമ്പിലകൾ കാണാതെ പോകുന്ന ചിലന്തികൾക്ക്

ആത്മാക്കള്‍ പറഞ്ഞത്

പള്ളിമണിയുടെ മുഴക്കത്തോടൊപ്പം 
കല്ലറയുടെ ഇരുട്ടിലെക്കാണ്
ശവപ്പെട്ടികൾ യാത്ര പോയിരുന്നത്.
ഇത്രയും ഞാൻ കണ്ടത്..
ആത്മാക്കൾ പറഞ്ഞത്രേ
കല്ലറയിൽ വെളിച്ചമുണ്ടെന്ന്.
അവിടെ ചീട്ടുകളി കൂട്ടങ്ങൾ ഉണ്ടത്രേ.
ഗായകരും നൃത്തകരും ഉണ്ടത്രേ.
കവികളും നിരൂപകരും ഉണ്ടത്രേ.
പണമില്ലാത്തതിനാൽ തന്നെ
അവിടെയാണത്രേ മനുഷ്യരുള്ളത്

അപ്പോള്‍ ഞാന്‍ പറയും

ഇന്നീ വാകമരചോട്ടിൽ വലിച്ചെറിയുകയാണ്‌ 
എന്റെ കണ്ണിൽ നീ കണ്ടെടുത്ത
തിളങ്ങുന്ന നക്ഷത്രങ്ങളെയും 
പോയ്മുഖങ്ങളെയും
കൂടെ നിന്നെയും.
വാകമരത്തിന്റെ വേരുകളിലൂടെ
നിങ്ങൾ പൂക്കളിലെത്തൂ.
എന്നിട്ടൊരു വസന്തം സൃഷ്ട്ടിക്കൂ.
അന്നൊരു പൂവിറുത്തു ഞാൻ പറയും
നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന്

പ്രണയത്തിന്റെ ബെല്സബൂല്‍


കടൽത്തിരകളെ തൊട്ടു
അസ്തമയ സൂര്യന്റെ നിറങ്ങളെണ്ണിയപ്പോൾ
നീയെന്റെ ചെവിയിൽ മന്ത്രിച്ചു.
" ബെൽസബൂൽ,
നിന്നെ ഞാൻ പ്രണയിക്കുന്നു."
നിന്റെ കണ്ണുകളിൽ ഞാനും കണ്ടു
പ്രണയത്തിന്റെ ബെൽസബൂൽ.