Wednesday, December 18, 2024

പോക്ക്

 ഒരുദിവസം പെട്ടെന്നാണ്

അവൾക്ക് ഭ്രാന്ത് വന്നത്.

അങ്ങനെയാണ് എല്ലാവരും പറഞ്ഞത്.

പെട്ടെന്നവൾ ഇറങ്ങിപ്പോയെന്ന്.


കഞ്ഞിയിടാൻ നിൽക്കാതെ

പരപരാ വെളുപ്പിനെ

അവൾ അശോകൻ ടാകീസിന്റെ മുന്നിലെത്തി .

"വെളുപ്പിനെ എന്നാ പടമില്ലാത്തെ?

ഒണ്ടാരുന്നേൽ കഞ്ഞി ഇട്ടേച്ചും തിളയ്ക്കുന്ന നേരം

ഇവിടെ വന്നിരിക്കാരുന്നു "

ഇരുട്ടിന്റെ മറവിൽ അവൾ പറഞ്ഞത് കേൾക്കാൻ

അവിടെ ആരും ഉണ്ടായിരുന്നില്ല .  

തിരികെ എത്തിയ അവൾ മുറ്റമടിച്ചില്ല .  

കട്ടനിട്ട്

മുറ്റത്തേക്കിറങ്ങി

പത്രക്കാരനെ നോക്കി നിന്നു.

പാഞ്ഞു വന്ന പത്രം വായുവിൽ പിടിച്ചെടുത്ത്

തലക്കെട്ടുകൾ വായിക്കവെ 

പള്ളിമണിയടിച്ചു.

പിള്ളേരെ വിളിച്ചില്ല

കൂട്ടാനുമാക്കിയില്ല.

മുറ്റത്തെ ചെമ്പരത്തിയിലകളും

പൂവും പൊട്ടിച്ച്

അവൾ താളിയുണ്ടാക്കി.

മുൻവശത്തെ വാതില്പടി തുറന്നിട്ട്

വഴിയിലേക്കിറങ്ങി.

മരിച്ചുപോയ മൂത്താശാൻറെ ആശാട്ടി

വെളുക്കനെ അവളെ നോക്കി ചിരിച്ചു .  

"ഒടുവിൽ ഇറങ്ങി അല്ലേ"

എന്നൊരു ചോദ്യവും .

അവൾ ചിരിച്ചു.

പൊട്ടിച്ചിരിക്കാനാണ് തോന്നിയത്

ശബ്ദം വന്നില്ല .  

പല്ലുകൾ പോലും പുറത്തുകണ്ടില്ല.

പക്ഷെ കണ്ണുകൾകൂട്ടി ഇറുകിയമാർന്നൊരു

സുന്ദരച്ചിരി.

ഇറച്ചിക്കടയുടെ ഓരംചേർന്നു നടന്ന്  

കൂട്ടുകാരി സൗദാമിനിയുടെ വീട്ടിൽ ചെന്ന്

തിണ്ണയിൽ മലർന്നു കിടന്നു.  

കെട്ട്യോനും പിള്ളേരും തലങ്ങും വിലങ്ങും തിരക്കി

പൊട്ടക്കിണറ്റിലും ആറ്റിലും തപ്പി

പ്രത്യേകിച്ചൊരു പോക്കെടമില്ലാത്തതിനാൽ

വീടുകളിലെവിടെ തപ്പണം

എന്നാർക്കും ഊഹിക്കാൻ പോലുമായില്ല.

പുറത്തിറങ്ങാൻ നേരംപോയ കോഴികൾ

കൂക്കി വശായി

ഉമ്മറത്തെ പാലുംകുപ്പി അടുക്കളപ്പുറത്ത് എത്തിയെങ്കിലും

പ്രഭാതം കട്ടനിലൊതുങ്ങി.

കുട്ടികൾക്ക് സ്കൂൾ മുടങ്ങി

അയാൾക്ക്‌ പണിയും മുടങ്ങി.

വേലിയ്ക്കും തൊടിയ്കും കിണറിനുമപ്പുറം

അവൾ എവിടേയ്ക്ക് പോയിരിക്കാമെന്ന്

അവർ അത്ഭുതപ്പെട്ടു  


സൗദാമിനിയുടെ തിണ്ണയിൽ

അവൾ മലർന്നു കിടന്നു .

കൂടെ സൗദാമിനിയും.

ഉടുതുണിയുടെ ഭാരം മാത്രം

അതവൾക്കിഷ്ടപ്പെട്ടു.

ഉത്തരത്തിൽ ചിലതികൾ

പുതിയ വലകൾ നെയ്യുന്നു .

നെയ്തിട്ടും നെയ്തിട്ടും പഴയത് തന്നെ.

ഒരേ മാതിരി 

അതേ മാതിരി.

അവൾ തിരികെ നടന്നു

ആൾക്കൂട്ടം വക വയ്ക്കാതെ

വീട്ടിലേക്കു കയറി

ഉമ്മറപ്പടിയിൽ കുന്തിച്ചിരുന്നു .  

അല്പനേരത്തിനു ശേഷം

കട്ടൻ പാൽ കാപ്പിയായി.

കോഴികൾ ശാന്തരായി.

ആളുകൾ പിരിഞ്ഞു പോയി .  

പിന്നീട് തോന്നിയപ്പോഴൊക്കെ അവൾ

പോവുകയും വരികയും ചെയ്തു

Monday, September 30, 2024

പ്രാർഥനകൾ

"എന്തൊരു വെയിലാണ്!
അല്പമെങ്കിലും മഴ പെയ്തിരുന്നെങ്കിൽ" 
കണ്ണടച്ചു വിയർപ്പുതുള്ളികൾ തുടയ്ക്കുമ്പോഴേയ്ക്കും 
കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായി.
ട്രാഫിക് സിഗ്നലിൽ വിയർപ്പുതുടച്ച് 
മാനത്തേക്ക് നോക്കി 
കാർമേഘങ്ങളെക്കണ്ട് അമ്പരന്ന് 
പിന്നിലെ കുഞ്ഞിനെനോക്കി 
അവൾ തമ്പുരാനെ പരതുന്നു.
"ദൈവമേ കുഞ്ഞിനെ നനയ്ക്കരുതേ". 



എന്ത് ചെയ്യണമെന്നറിയാതെ 
ദൈവം ദൈവത്തെ വിളിക്കുന്നു.

Wednesday, May 15, 2024

നമ്മൾ

ഒന്നമർത്തി മൂളിയാൽ  
പൊടിഞ്ഞു പോവുന്നത്ര നേർത്തിരിക്കുന്നു
ആത്മാവിൻ്റെ ഇരുമ്പു ചട്ടകളെന്ന്
ഇനിയുമെങ്ങനെ ഞാൻ പറയും.
ഒരു ചുംബനം കൊണ്ട് ശരിയാവുന്ന ദൂരത്തിൽ നിന്നും
നമ്മളെത്രയോ അകന്നു കഴിഞ്ഞിരിക്കുന്നുവെന്നും 
നിശ്വാസങ്ങൾ പോയിട്ട് 
മൗനവും ശകാരങ്ങളുംപോലും 
തിരിച്ചറിയാതെയായിരിക്കുന്നുവെന്നും 
എങ്ങനെ പറഞ്ഞു മനസിലാക്കും.

എഴുതാൻ മറന്ന കവിതകളൊക്കെ
എന്നെ ശകാരിക്കുകയാണ്.
നഷ്ടമായത് കവിതകളല്ല 
പ്രണയമാണെന്ന് പറഞ്ഞുകൊണ്ട്.

ഒരാൾക്കും
ഒന്നു തൊടാൻ പോലുമാവാത്ത വിധം
ഹൃദയം നേർക്കുകയും 
നേർത്തുനേർത്തു വെള്ളിനൂലുകൾ കണക്കെ 
ഇടതടവില്ലാതെ പെയ്യുകയും 
ശൂന്യമാവുകയും ചെയ്തിരിക്കുന്നു. 

ഇനിയുമെങ്ങനെയാണ് 
ഞാൻ നിന്നെ പ്രണയിക്കുക?
ഇനിയുമെങ്ങനെയാണ് 
നിനക്ക് ഞാനെന്റെ പ്രാണൻ നൽകുക?
ഇനിയുമെങ്ങനെയാണ് 
നമ്മളാവുക.



Monday, April 1, 2024

പ്രാർത്ഥന

മുഷിഞ്ഞ പുറംചട്ടയുള്ള പുസ്തകത്തി -

ലൊരുവൾ ജീവിതം കുറിക്കുന്നു.

പരിഭവങ്ങളുടെ പെരുമഴയിൽ

അക്ഷരങ്ങളൊലിച്ചു പോവുന്നു.

റാന്തൽ വിളക്കിൻ്റെ വെട്ടത്തിൽ

ഈയലുകളാർത്തുവരുന്നു.

പൊന്നുതമ്പുരാനേ

കാരുണ്യവാനേ

ഇനിയുമെങ്കിലും നീയെന്നെ

മരിയ്ക്കാനനുവദിക്കേണമേ.

കനം വെച്ച കൺപോളകളിൽ നിന്നും

വിടുതലേകണമേ.

പൊന്നുതമ്പുരാനേ

കാരുണ്യവാനേ

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ

നീയെന്നെയൊരു സർപ്പമാക്കേണമേ.

മരുഭൂമിയിൽ മണ്ണിൽ പുതയുന്നൊരു സർപ്പം.