Sunday, October 14, 2018

അമ്മയില്ലാത്ത ദിവസങ്ങൾ

വീട്ടിലെപ്പോഴും സമയമുരുളുക
അമ്മയ്ക്ക് ചുറ്റുമാണ്.
പള്ളിക്കൂടത്തിലേക്ക്  'അമ്മ പോയിട്ട്
ഉച്ചയ്ക്ക് എത്തുന്നത് വരെ വീട്ടിലെ ക്ലോക്ക് അനങ്ങാറുപോലുമില്ല
ഉച്ചയ്ക്ക് ഉണ്ടിട്ടുപോകുമ്പോൾ
വീണ്ടും സൂചികൾ നിശ്ചലമാകും.
പ്ലാസ്റ്റർ ഇട്ട കാലുമായി
തിണ്ണയിലെ ചാരുകസേരയിൽ
അപ്പൻ ഇങ്ങനെ നോക്കിയിരിക്കും.
ന്യൂസ് ചാനലുകൾ മാറി മാറി വന്നു പോകും
സിനിമകൾ പലതു കഴിയും
മുറ്റത്തെ പയറിലെ മുഞ്ഞകളെ ഞെക്കി കൊല്ലുകയും
വീണ്ടും വീണ്ടുമവ ഉയിർത്തെഴുന്നേൽക്കുന്നുവെന്നു തോന്നുകയും ചെയ്യും.
എന്നിട്ടും പോകാത്ത സമയത്തെ ഞെക്കി കൊല്ലുവാൻ ശ്രമിച്ചു കൊണ്ട്
അപ്പനും മോളും പത്രങ്ങൾ അരിച്ചു പെറുക്കുകയും
ന്യൂസ് ചാനലുകളേക്കാൾ ചർച്ചകൾ നടത്തും.
എന്നിട്ടും അടിക്കാത്ത സ്കൂളിലെ നാലുമണി ബെല്ലിനെയോർത്ത്
അവർ പരസ്പരം പരാതിപ്പെടും.
മണ്ടൻ പൂച്ച പരാതികളൊന്നുമില്ലാതെ
'അമ്മ കൊടുത്തതൊക്കെ തിന്നു തീർത്ത് നാലുമണിവരെയുള്ള ഉറക്കത്തിലാവും.
മുറ്റത്തെ കിളിക്കൂട്ടിൽ മാറി മാറി നോക്കി
മുട്ടകൾ രണ്ടും അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തും.
ഉണങ്ങിയ തുണികളൊക്കെ വീണ്ടും വീണ്ടും വെയിലത്തിടുകയും
ഉണക്കിയെടുക്കുകയും ചെയ്യും.
എന്നിട്ടും വരാതെയാകുമ്പോൾ
അപ്പൻ നീട്ടിയൊന്നുറങ്ങും.
ഉറങ്ങിയെണീക്കുമ്പോൾ ക്ലോക്കിലെ സൂചികൾ ഒന്നനങ്ങിയിട്ടുപോലുമുണ്ടാവില്ല.
വെയിൽ താഴുമ്പോൾ പാടവരമ്പത്തേക്കു ഒരു നടപ്പാവും,
ഇന്നോ നാളെയോ വെള്ളത്തിൽ മുങ്ങാൻ തയ്യാറായി നിൽക്കുന്ന
പയറിൻ കുഞ്ഞുങ്ങളേയും വെണ്ടത്തൈകളേയും
ഒന്ന് കണ്ട് തിരിച്ചു പോരും.
അപ്പോഴേക്കും രണ്ടു ഫ്ലാസ്ക് കട്ടൻ കാപ്പികൾ തീരുകയും,
മൂന്നാമതൊരെണ്ണം അടുപ്പത്തു തിളച്ചു മറിയുകയും ചെയ്യും.
അങ്ങനെയിരിക്കെ കിതച്ച ആക്ടീവയുടെ ശബ്ദം
വളവു തിരിഞ്ഞെത്തും.
സമയം വീണ്ടും ഓടിത്തുടങ്ങുകയും
മണ്ടൻ പൂച്ച ഉറക്കം നിർത്തുകയും
അപ്പനും മോളും ഒന്നും സംഭവിക്കാത്ത ആ ദിവസത്തെക്കുറിച്ച്
എന്തൊക്കെയോ പറയാനുള്ളതായി ഭാവിച്ച് തിണ്ണയിലേക്കു ഓടിയെത്തുകയും ചെയ്യും

അങ്ങനെയിരിക്കെയാണ്
'അമ്മ ആശുപത്രിയിലാകുന്നത്.
പോയ വഴിയേ
'അമ്മ ചുവരിലെ സമയം കൂടി കൊണ്ടുപോയിരിക്കുന്നു.
കൂടെ അടുക്കളപ്പുറത്തെ കലണ്ടറും
രാത്രിയും പകലുമില്ലാതെ
ദിവസങ്ങളിലാതെ വീടുകൾ ഉണ്ടാകുന്നത്
അമ്മയില്ലാതെയാകുമ്പോഴാണ്.
പിന്നെ ആകെയുണ്ടാവുക
വീണ്ടും വീണ്ടും നിറയുന്ന കട്ടൻ കാപ്പി ഫ്ലാസ്കുകളാണ്.

No comments:

Post a Comment